ന്യൂഡൽഹി / 2026 / ഒക്ടോബർ 30
ന്യൂഡൽഹി എയിംസിൽ പ്രത്യേക പ്രചാരണം ആറിന്റെ ഭാഗമായി നടത്തുന്ന ശുചീകരണം, ശുചിത്വ പരിപാലനം, മാലിന്യ സംസ്കരണം എന്നിവ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ജഗത് പ്രകാശ് നഡ്ഡ ഒക്ടോബർ 29ന് വിലയിരുത്തി. രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആശ്രയ കേന്ദ്രമായി ഉപയോഗിക്കാൻ ഉദ്ദേശിക്കുന്ന പുതിയ കാത്തിരിപ്പ് കെട്ടിടവും അദ്ദേഹം പരിശോധിച്ചു. എയിംസ് ട്രോമ സെന്റർ വിപുലീകരണ കാമ്പസിലാണ് കെട്ടിടം നിർമിച്ചിരിക്കുന്നത്. ഗാസിയാബാദിലെ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡാണ് സാമൂഹിക ഉത്തരവാദിത്ത പദ്ധതിയുടെ ഭാഗമായി ഇത് നിർമിച്ചത്. സന്ദർശനത്തിനിടെ ശുചീകരണ തൊഴിലാളികളുമായും മന്ത്രി സംസാരിച്ചു.
സ്വച്ഛതാ അഭിയാന്റെ ഭാഗമായി എയിംസ് നടപ്പാക്കുന്ന പ്രവർത്തനങ്ങൾ ഉദ്യോഗസ്ഥർ മന്ത്രിയോട് വിശദീകരിച്ചു. ശുചീകരണം, ശുചിത്വ പരിപാലനം, മാലിന്യ സംസ്കരണം, സ്ഥാപനത്തിന്റെ പരിസര പരിപാലനം എന്നിവയ്ക്കായിരുന്നു അവലോകനത്തിൽ പ്രത്യേക ശ്രദ്ധ.

സംഘങ്ങളായുള്ള ശുചീകരണം മുതൽ തൊഴിലാളികൾക്ക് കൃത്യമായ വേതനം വരെ
ആശുപത്രിയിലെ ശുചിത്വം മെച്ചപ്പെടുത്താൻ എയിംസ് വിവിധ രീതികൾ സ്വീകരിച്ചിട്ടുണ്ട്. തൊഴിലാളികൾ സംഘങ്ങളായി കഴുകി വൃത്തിയാക്കൽ, അത്യാഹിത വിഭാഗത്തിലെയും ഒപിയിലെയും ശൗചാലയങ്ങളിൽ പ്രത്യേക ശുചീകരണ ജീവനക്കാരെ നിയോഗിക്കൽ, ഓരോ ദിവസവും ഒപി പ്രവർത്തനം അവസാനിച്ചശേഷമുള്ള ശുചീകരണം എന്നിവ ഇതിൽപ്പെടുന്നു.
ശുചീകരണ തൊഴിലാളികൾക്ക് പതിവായി പരിശീലനവും നൽകുന്നുണ്ട്. വേതനം കൃത്യസമയത്ത് നൽകുന്നതിനൊപ്പം ശുചീകരണ സാമഗ്രികളുടെയും യന്ത്രങ്ങളുടെയും ലഭ്യതയും പ്രവർത്തനവും നിരീക്ഷിക്കുന്നു. ശുചിത്വം സ്ഥാപനത്തിന്റെ പതിവ് പ്രവർത്തനമാക്കാനും വിഭവങ്ങൾ കാര്യക്ഷമമായി ഉപയോഗിക്കാനുമാണ് ഈ നടപടികൾ. വൃത്തിയുള്ളതും പരിസ്ഥിതിക്ക് അനുയോജ്യവും രോഗീസൗഹൃദവുമായ ചികിത്സാ അന്തരീക്ഷം നിലനിർത്തുന്നതിനും ഇവ സഹായിക്കുന്നു.
ദിവസവും പുനരുപയോഗിക്കുന്നത് 19.6 ലക്ഷം ലിറ്റർ വെള്ളം
ജലവും ഊർജവും സംരക്ഷിക്കാനും എയിംസ് നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സ്ഥാപനത്തിലെ 11 മലിനജല ശുദ്ധീകരണ പ്ലാന്റുകളിൽ ഓൺലൈൻ നിരീക്ഷണവും സ്മാർട്ട് മീറ്ററുകളും ഉപയോഗിക്കുന്നു. ദിവസവും ഏകദേശം 19.6 ലക്ഷം ലിറ്റർ ശുദ്ധീകരിച്ച മലിനജലം പൂന്തോട്ട പരിപാലനത്തിന് പുനരുപയോഗിക്കുന്നുണ്ട്.
ശീതീകരണ സംവിധാനങ്ങളുടെ ഉപയോഗം ആവശ്യത്തിന് ക്രമീകരിക്കുകയും ആവശ്യമില്ലാത്തപ്പോൾ ഉപകരണങ്ങൾ ഓഫ് ചെയ്യുകയും ചെയ്തതിലൂടെ വൈദ്യുതി ഉപയോഗത്തിൽ 7.68 ലക്ഷം കിലോവാട്ട് മണിക്കൂറിന്റെ കുറവുണ്ടായതായി റിപ്പോർട്ട് ചെയ്തു. 10.5 ശതമാനമാണ് കുറവ്. 2024ലെ ജനുവരി മുതൽ ഒക്ടോബർ വരെയുള്ള കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ 2025ലെ ഇതേ കാലയളവിൽ വൈദ്യുതിച്ചെലവ് ഏകദേശം 1.98 കോടി രൂപ കുറഞ്ഞു.
പരിസ്ഥിതിക്ക് അനുയോജ്യമായ യാത്ര പ്രോത്സാഹിപ്പിക്കാൻ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി കാമ്പസിനുള്ളിൽ 40 സൗജന്യ വൈദ്യുത വാഹന ഷട്ടിൽ സർവീസുകളും എയിംസ് നടത്തുന്നുണ്ട്. കാമ്പസിൽ 30 വൈദ്യുത വാഹന ചാർജറുകളുമുണ്ട്. നാല് സ്ഥലങ്ങളിലായി ഇതിനായി മാറ്റിവെച്ച 114 വൈദ്യുതി കണക്ഷൻ പോയിന്റുകളും ഒരുക്കിയിട്ടുണ്ട്. ഇവയുടെ പ്രവർത്തനം സ്മാർട്ട് സംവിധാനങ്ങളിലൂടെ നിരീക്ഷിക്കുന്നു.
പുതിയ കെട്ടിടത്തിൽ 897 പേർക്ക് സൗകര്യം
അവലോകനത്തിനുശേഷമാണ് ട്രോമ സെന്റർ വിപുലീകരണ കാമ്പസിലെ പുതിയ രോഗി കാത്തിരിപ്പ് കെട്ടിടം നഡ്ഡ പരിശോധിച്ചത്. രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി ഒരുക്കിയ അടിസ്ഥാന സൗകര്യങ്ങൾ അദ്ദേഹം വിലയിരുത്തി. നിർമാണ വിസ്തീർണം പുതുക്കിയ കണക്കുപ്രകാരം 2,970 ചതുരശ്ര മീറ്ററാണ്. 897 പേർക്ക് ഇരിക്കാവുന്ന രീതിയിലാണ് കെട്ടിടം രൂപകൽപ്പന ചെയ്തിരിക്കുന്നത്. പ്രധാന കാത്തിരിപ്പ് ഭാഗം, അധിക കാത്തിരിപ്പ് ഭാഗം, പ്രവേശനവും പുറത്തേക്കുള്ള വഴികളും, റാമ്പുകൾ, ശൗചാലയങ്ങൾ, അനുബന്ധ സൗകര്യങ്ങൾ എന്നിവ കെട്ടിടത്തിലുണ്ട്.
ചികിത്സയ്ക്കായി എയിംസിലെത്തുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സുരക്ഷിതവും മാന്യവും പ്രതികൂല കാലാവസ്ഥയിൽനിന്ന് സംരക്ഷണം നൽകുന്നതുമായ താൽക്കാലിക താമസമൊരുക്കാനാണ് പൂർത്തിയായ കെട്ടിടം ആശ്രയ കേന്ദ്രമായി ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നത്. താൽക്കാലിക ടെന്റുകൾക്ക് പകരം സ്ഥിരമായ മേൽക്കൂരയുള്ള സൗകര്യം ലഭിക്കുന്നതോടെ രോഗിക്ഷേമ സംവിധാനങ്ങൾ കൂടുതൽ ശക്തമാകുമെന്നാണ് പ്രതീക്ഷ. താമസത്തിലെ സൗകര്യവും ശുചിത്വവും മെച്ചപ്പെടുത്താനും ആശുപത്രിക്കു ചുറ്റുമുള്ള തുറസ്സായ സ്ഥലങ്ങളിൽ രോഗികളും കൂട്ടിരിപ്പുകാരും വിശ്രമിക്കേണ്ടിവരുന്നത് കുറയ്ക്കാനും ഇത് സഹായിക്കും.
എയിംസ് നിലവിൽ ആശ്രയ എന്ന പേരിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന മാനുഷിക സഹായ അഭയകേന്ദ്രം നടത്തുന്നുണ്ട്. ഡൽഹിക്ക് പുറത്തുനിന്ന് വരുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമാണ് ഇത് പ്രത്യേകിച്ച് സഹായമാകുന്നത്.
ശുചീകരണ തൊഴിലാളികളുടെ സംഭാവന അംഗീകരിച്ച് നഡ്ഡ
എയിംസിലെ ശുചീകരണ തൊഴിലാളികളുമായി സംസാരിച്ച നഡ്ഡ, ആശുപത്രി പരിസരം വൃത്തിയായും ശുചിത്വത്തോടെയും സൂക്ഷിക്കുന്നതിൽ അവരുടെ പങ്ക് അംഗീകരിച്ചു. വൃത്തിയും സുരക്ഷയും ശുചിത്വവുമുള്ള ചികിത്സാ അന്തരീക്ഷം ഉറപ്പാക്കാൻ മുൻനിര ശുചീകരണ തൊഴിലാളികളുടെ അധ്വാനം അനിവാര്യമാണെന്നും അവരുടെ സംഭാവന അംഗീകരിക്കേണ്ടത് പ്രധാനമാണെന്നും കൂടിക്കാഴ്ച അടിവരയിട്ടു.

പൊതുജനാരോഗ്യ സ്ഥാപനങ്ങളിൽ തുടർച്ചയായ ശുചീകരണ പ്രവർത്തനങ്ങൾക്കും കാര്യക്ഷമമായ മാലിന്യ സംസ്കരണത്തിനും രോഗികൾക്കുള്ള മെച്ചപ്പെട്ട സൗകര്യങ്ങൾക്കും നൽകേണ്ട പ്രാധാന്യം സന്ദർശനം വീണ്ടും വ്യക്തമാക്കി. പ്രത്യേക പ്രചാരണം ആറിലൂടെ ശുചിത്വം സ്ഥിരമായ പ്രവർത്തനരീതിയാക്കണമെന്നാണ് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഊന്നിപ്പറയുന്നത്. കാര്യക്ഷമമായ നടത്തിപ്പ്, കൂട്ടായ ഉത്തരവാദിത്തം, രോഗിയെ കേന്ദ്രമാക്കിയുള്ള ആരോഗ്യസേവനം എന്നിവ ഇതിന് പിന്തുണയാകണമെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.
.
