ന്യൂഡൽഹി, 2026 സെപ്റ്റംബർ 8 –
സോഷ്യൽ മീഡിയയിലെ പരസ്യത്തിലോ പരിചയമില്ലാത്ത ലിങ്കിലോ ക്ലിക്ക് ചെയ്തതിന് പിന്നാലെ ഫോൺ സ്ക്രീൻ പെട്ടെന്ന് മരവിച്ചാൽ അത് സാധാരണ സാങ്കേതിക തകരാറാണെന്ന് കരുതരുത്. പണം തട്ടാനുള്ള പുതിയ കെണിയുടെ ഭാഗമായിരിക്കാമെന്നാണ് സൈബർ സുരക്ഷാ വിദഗ്ധരുടെ മുന്നറിയിപ്പ്. സ്ക്രീൻ മരവിപ്പിച്ച് ഉപയോക്താവിനെ പരിഭ്രാന്തനാക്കുകയും പിന്നീട് ബാങ്കിങ് വിവരങ്ങളും യുപിഐ ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങളും കൈക്കലാക്കുകയുമാണ് തട്ടിപ്പുകാരുടെ രീതി.
സ്ക്രീൻ മരവിപ്പിക്കൽ ശ്രദ്ധതിരിക്കാനുള്ള തന്ത്രം
സ്ക്രീൻ മരവിപ്പിക്കുന്നതാണ് യഥാർഥ ആക്രമണമെന്നില്ല. ഉപയോക്താവിന്റെ ശ്രദ്ധതിരിക്കാനുള്ള തന്ത്രമാണിതെന്ന് ക്വിക് ഹീൽ ടെക്നോളജീസ് സിഇഒ ഹരീഷ് കുമാർ പറയുന്നു. വ്യാജ പിശക് സന്ദേശങ്ങൾ കാണിച്ചോ കസ്റ്റമർ കെയറിൽ നിന്നാണെന്ന് പറഞ്ഞ് വിളിച്ചോ ഫോൺ, ബാങ്കിങ് ആപ്പ്, യുപിഐ അക്കൗണ്ട് എന്നിവയിൽ പ്രശ്നമുണ്ടെന്ന് തട്ടിപ്പുകാർ വിശ്വസിപ്പിക്കും. തുടർന്ന് റിവാർഡ്, ക്യാഷ്ബാക്ക്, വെരിഫിക്കേഷൻ അല്ലെങ്കിൽ സർവീസ് ആപ്പ് എന്ന പേരിൽ വ്യാജ എപികെ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടും.
ഒടിപിയും ബാങ്കിങ് വിവരങ്ങളും ചോർത്താം
വ്യാജ ആപ്പ് ഫോണിൽ എത്തിയാൽ ആക്സസിബിലിറ്റി, നോട്ടിഫിക്കേഷൻ തുടങ്ങിയ അനുമതികൾ ദുരുപയോഗം ചെയ്യാം. ഫോണിലെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും ഒടിപി വായിക്കാനും സ്ക്രീനിലെ ചില കാര്യങ്ങൾ നിയന്ത്രിക്കാനും ഇതിലൂടെ സാധിക്കും. വ്യാജ ആപ്പുകളിലൂടെയോ ഫിഷിങ് പേജുകളിലൂടെയോ ബാങ്കിങ് വിവരങ്ങളും മോഷ്ടിക്കാം. സ്ക്രീൻ പങ്കിടുന്ന ആപ്പുകൾ ഉപയോഗിച്ച് ഉപയോക്താവിന്റെ പ്രവർത്തനം തത്സമയം കാണാനും തട്ടിപ്പുകാർ ശ്രമിക്കുന്നുണ്ടെന്ന് വിദഗ്ധർ പറയുന്നു.
യുപിഐ സുരക്ഷ തകർക്കാതെ തന്നെ തട്ടിപ്പ്
യുപിഐയുടെ അടിസ്ഥാന സുരക്ഷാ സംവിധാനം നേരിട്ട് തകർക്കണമെന്നില്ല. പകരം ഫോൺ, ബാങ്കിങ് വിവരങ്ങൾ, തിരിച്ചറിയൽ സംവിധാനങ്ങൾ, പണമിടപാട് നടക്കുന്ന രീതി എന്നിവയാണ് തട്ടിപ്പുകാർ ലക്ഷ്യമിടുന്നത്. ചിലപ്പോൾ ഉപയോക്താവിനെ തെറ്റിദ്ധരിപ്പിച്ച് സ്വന്തം യുപിഐ പിൻ നൽകിക്കുകയോ ഇടപാട് അംഗീകരിപ്പിക്കുകയോ ചെയ്യും. അതുകൊണ്ടുതന്നെ തട്ടിപ്പിലൂടെ നടന്ന ഇടപാട് സാധാരണ ഇടപാടിൽ നിന്ന് തിരിച്ചറിയാനും ബുദ്ധിമുട്ടുണ്ടാകാം.
സ്ക്രീൻ മരവിച്ചാൽ ഉടൻ ചെയ്യേണ്ടത്
സംശയകരമായ രീതിയിൽ ഫോൺ സ്ക്രീൻ മരവിച്ചാൽ മൊബൈൽ ഡാറ്റയും വൈഫൈയും ഉടൻ ഓഫ് ചെയ്യണം. ബാങ്കിങ് വിവരങ്ങളോ യുപിഐ പിന്നോ നൽകാതിരിക്കുക. സഹായിക്കാനാണെന്ന് പറഞ്ഞ് പരിചയമില്ലാത്തവർ വിളിച്ചാൽ അവരുടെ നിർദേശപ്രകാരം ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യരുത്. സംശയകരമായ ആപ്പുകൾ നീക്കം ചെയ്യുകയും അനാവശ്യ ആക്സസിബിലിറ്റി, ഡിവൈസ് അഡ്മിനിസ്ട്രേഷൻ അനുമതികൾ റദ്ദാക്കുകയും വേണം.
പണം നഷ്ടപ്പെട്ടെന്ന് സംശയിച്ചാൽ
സാമ്പത്തിക വിവരങ്ങൾ ചോർന്നെന്ന് സംശയമുണ്ടെങ്കിൽ ബാങ്കിന്റെ ഔദ്യോഗിക സംവിധാനത്തിലൂടെ ഉടൻ ബന്ധപ്പെടണം. സമീപകാല ഇടപാടുകൾ പരിശോധിക്കുകയും സുരക്ഷിതമായ മറ്റൊരു ഉപകരണത്തിൽ നിന്ന് ആവശ്യമായ പാസ്വേഡുകളും മറ്റ് വിവരങ്ങളും മാറ്റുകയും വേണം. സാമ്പത്തിക തട്ടിപ്പ് സംശയിക്കുന്നവർ 1930 എന്ന ഹെൽപ്ലൈൻ നമ്പറിലും പരാതി അറിയിക്കാം. സാധാരണ യുപിഐ പ്രശ്നം പരിഹരിക്കാൻ ബാങ്കോ സേവനദാതാവോ റിമോട്ട് ആക്സസ് ആപ്പ് ഇൻസ്റ്റാൾ ചെയ്യാനോ സ്ക്രീൻ പങ്കിടാനോ ആവശ്യപ്പെടില്ലെന്നും വിദഗ്ധർ ഓർമിപ്പിക്കുന്നു.
Disclaimer: The information published on Samadarsi.com is provided for general news, informational, educational, and public awareness purposes only. While every reasonable effort is made to ensure the accuracy, reliability, and timeliness of the content, Samadarsi Communication LLP does not guarantee that all published information is free from errors, omissions, or inaccuracies. The views and opinions expressed in opinion articles, guest columns, interviews, and reader comments are solely those of the respective authors and do not necessarily reflect the views of Samadarsi Communication LLP. Readers are encouraged to independently verify any information before making financial, legal, medical, political, or personal decisions based on the content published on this website. Samadarsi.com reserves the right to update, modify, correct, or remove any content at any time without prior notice. Any links to external websites are provided solely for the convenience of users, and we do not endorse or accept responsibility for the content, security, accuracy, or privacy practices of such third-party websites. All trademarks, logos, images, and other copyrighted materials appearing on this website remain the property of their respective owners.