ന്യൂഡൽഹി / 2026 / ഓഗസ്റ്റ് 27
രാജ്യത്തെ സാധാരണക്കാരെ ബാങ്കിങ് സംവിധാനത്തിന്റെ ഭാഗമാക്കാൻ ആരംഭിച്ച പ്രധാനമന്ത്രി ജൻധൻ യോജന 12 വർഷം പൂർത്തിയാക്കി. 2014 ഓഗസ്റ്റ് 28ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരംഭിച്ച പദ്ധതിയിൽ 2026 ഓഗസ്റ്റ് 19 വരെയുള്ള കണക്കനുസരിച്ച് 59.09 കോടി അക്കൗണ്ടുകളുണ്ട്. ഇവയിലെ ആകെ നിക്ഷേപം 3,16,514 കോടി രൂപ, അതായത് ഏകദേശം 3.17 ലക്ഷം കോടി രൂപയാണ്. അക്കൗണ്ടുടമകളിൽ 55.7 ശതമാനം സ്ത്രീകളാണ്. 77.8 ശതമാനം അക്കൗണ്ടുകളും ഗ്രാമീണ, അർധനഗര മേഖലകളിലാണ്. രാജ്യത്തെ ബാങ്കിങ് സൗകര്യമില്ലാത്ത ഓരോ മുതിർന്ന വ്യക്തിക്കും അടിസ്ഥാന ബാങ്ക് അക്കൗണ്ട് ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
മിനിമം ബാലൻസും പരിപാലന നിരക്കും വേണ്ട
ജൻധൻ അക്കൗണ്ട് തുടങ്ങാൻ മിനിമം ബാലൻസ് ആവശ്യമില്ല. അക്കൗണ്ട് പരിപാലിക്കുന്നതിനും നിരക്കില്ല. ഓരോ അക്കൗണ്ടിനൊപ്പവും സൗജന്യ റുപേ ഡെബിറ്റ് കാർഡ് ലഭിക്കും. ഇതിന് രണ്ട് ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പരിരക്ഷയുമുണ്ട്. ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം സാമ്പത്തിക സുരക്ഷ ഉറപ്പാക്കാനാണ് ഈ സൗകര്യം. അടിയന്തര സാഹചര്യങ്ങളിൽ സഹായമാകുന്ന വിധം അക്കൗണ്ടുടമകൾക്ക് 10,000 രൂപ വരെ ഓവർഡ്രാഫ്റ്റ് സൗകര്യത്തിനും അർഹതയുണ്ട്. അസംഘടിത മേഖലയിലെ ലക്ഷക്കണക്കിന് തൊഴിലാളികൾക്ക് ജൻ സുരക്ഷാ പദ്ധതികളായ പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജന, പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന എന്നിവയിലൂടെ ജീവൻ, അപകട ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കുന്നതിലും ജൻധൻ അക്കൗണ്ടുകൾ പ്രധാന പങ്കുവഹിച്ചു.
അവസാന വ്യക്തിയിലേക്കും സാമ്പത്തിക സേവനം
കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി പറഞ്ഞത്, ജൻധൻ യോജനയെ 59 കോടിയിലധികം അക്കൗണ്ടുകളും 3.17 ലക്ഷം കോടി രൂപയുടെ നിക്ഷേപവും 41.29 കോടി സൗജന്യ റുപേ കാർഡുകളും എന്ന നിലയിൽ മാത്രം കാണരുതെന്നാണ്. രാജ്യത്തെ ബാങ്കിങ്, സാമ്പത്തിക മേഖലയിൽ പദ്ധതി വലിയ മാറ്റമുണ്ടാക്കിയെന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തിലെ ഏറ്റവും ദരിദ്രനായ വ്യക്തിയിലേക്കുപോലും ഇടനിലക്കാരില്ലാതെയും കാലതാമസമില്ലാതെയും സാമ്പത്തിക സേവനങ്ങൾ എത്തിക്കാൻ കഴിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. എല്ലാ സംസ്ഥാനങ്ങളിലും ജില്ലകളിലും തുടർച്ചയായി നടത്തിയ പ്രവർത്തനങ്ങളിലൂടെ ബാങ്ക് അക്കൗണ്ടുകളുടെ ലഭ്യത ഏതാണ്ട് എല്ലാവരിലേക്കും എത്തിക്കാനും ഇൻഷുറൻസ്, പെൻഷൻ പദ്ധതികളുടെ വ്യാപ്തി വർധിപ്പിക്കാനും കഴിഞ്ഞു. പദ്ധതി സാധാരണക്കാരിലേക്കെത്തിക്കാൻ പ്രവർത്തിച്ച ബാങ്കർമാരെയും രാജ്യത്തുടനീളമുള്ള ബാങ്കിങ് പ്രതിനിധികളെയും അദ്ദേഹം അഭിനന്ദിച്ചു.
ജൻധൻ–ആധാർ–മൊബൈൽ സംവിധാനം
ജൻധൻ അക്കൗണ്ട്, ആധാർ, മൊബൈൽ എന്നിവ ബന്ധിപ്പിച്ച ജാം സംവിധാനം സർക്കാർ ക്ഷേമ ആനുകൂല്യങ്ങൾ നേരിട്ട് അർഹരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തിക്കുന്ന സംവിധാനമായി മാറി. ഇടനിലക്കാരെയും കാലതാമസത്തെയും ഒഴിവാക്കി സാമ്പത്തിക സഹായം നേരിട്ട് നൽകാൻ ഇതിലൂടെ കഴിയുന്നുവെന്ന് ധനമന്ത്രാലയം വ്യക്തമാക്കി. വിദൂര പ്രദേശങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ ഔപചാരിക സാമ്പത്തിക സംവിധാനത്തിന്റെ ഭാഗമാക്കുന്നതിനാണ് പദ്ധതി മുൻഗണന നൽകുന്നത്. ബാങ്ക് അക്കൗണ്ടുകൾ ലഭിച്ചതോടെ സാധാരണക്കാർക്ക് ഇൻഷുറൻസ്, പെൻഷൻ പരിരക്ഷകളിലേക്കുള്ള പ്രവേശനവും വർധിച്ചു.
നിക്ഷേപവും റുപേ കാർഡുകളും കൂടി
2026 ഓഗസ്റ്റ് 19ലെ കണക്കനുസരിച്ച് 59.09 കോടി ജൻധൻ അക്കൗണ്ടുകളിൽ 32.92 കോടി അക്കൗണ്ടുടമകൾ സ്ത്രീകളാണ്. 45.95 കോടി അക്കൗണ്ടുകൾ ഗ്രാമീണ, അർധനഗര മേഖലകളിലാണ്. ആകെ നിക്ഷേപം 3,16,514 കോടി രൂപയായി. കഴിഞ്ഞ 12 വർഷത്തിനിടെ അക്കൗണ്ടുകളുടെ എണ്ണം 2.3 മടങ്ങ് വർധിച്ചപ്പോൾ നിക്ഷേപം ഏകദേശം 12.8 മടങ്ങായി. ഒരു അക്കൗണ്ടിലെ ശരാശരി നിക്ഷേപം 5,356 രൂപയാണ്. 12 വർഷത്തിനിടെ ഇത് 3.4 മടങ്ങ് വർധിച്ചു. അക്കൗണ്ടുകളുടെ ഉപയോഗവും സമ്പാദ്യശീലവും വർധിച്ചതിന്റെ സൂചനയായാണ് ഇതിനെ കാണുന്നത്. ജൻധൻ അക്കൗണ്ടുടമകൾക്ക് ഇതുവരെ 41.29 കോടി റുപേ കാർഡുകൾ നൽകിയിട്ടുണ്ട്. റുപേ കാർഡുകളുടെ എണ്ണവും ഉപയോഗവും കാലക്രമേണ വർധിച്ചു.
പദ്ധതി ദൗത്യരീതിയിൽ നടപ്പാക്കിയതും നിയന്ത്രണ സംവിധാനങ്ങളുടെ പിന്തുണയും സർക്കാർ-സ്വകാര്യ പങ്കാളിത്തവും ആധാർ പോലുള്ള ഡിജിറ്റൽ പൊതുസൗകര്യങ്ങളുടെ ഉപയോഗവുമാണ് ജൻധൻ യോജനയുടെ മുന്നേറ്റത്തിന് സഹായമായത്. ബാങ്കിങ് സംവിധാനത്തിന് പുറത്തായിരുന്നവർക്ക് സമ്പാദ്യത്തിനും വായ്പയ്ക്കും അവസരം നൽകുന്നതിലേക്കും പദ്ധതി വളർന്നു. അക്കൗണ്ടുകളിൽ സമ്പാദ്യം പ്രകടമാകുന്നതോടെ മുദ്ര വായ്പ ഉൾപ്പെടെയുള്ള വായ്പകൾ നേടാനും അക്കൗണ്ടുടമകൾക്ക് അവസരമുണ്ട്. ഇതിലൂടെ വരുമാനം വർധിപ്പിക്കാനും സാമ്പത്തിക പ്രതിസന്ധികളെ നേരിടാനുള്ള ശേഷി കൂട്ടാനും കഴിയുന്നു. പതിമൂന്നാം വർഷത്തിലേക്ക് കടക്കുന്ന ജൻധൻ യോജന സാമ്പത്തിക ഉൾക്കൊള്ളൽ, ഡിജിറ്റൽ നവീകരണം, സാമ്പത്തിക ശാക്തീകരണം എന്നിവ കൂടുതൽ വ്യാപിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്.