ന്യൂഡൽഹി, 2026 ജൂലൈ 1
സഹകരണ മന്ത്രാലയം രൂപീകരിച്ച് അഞ്ചുവർഷം പൂർത്തിയാകുന്നതിന്റെ ഭാഗമായി രാജ്യവ്യാപക ആഘോഷങ്ങൾക്ക് തുടക്കമായി. ജൂലൈ 6 വരെയാണ് പരിപാടികൾ നടക്കുന്നത്. രാജ്യത്തെ സംസ്ഥാനങ്ങൾ, കേന്ദ്രഭരണ പ്രദേശങ്ങൾ, സഹകരണ ബാങ്കുകൾ, ജില്ലാകേന്ദ്ര സഹകരണ ബാങ്കുകൾ, നഗര സഹകരണ ബാങ്കുകൾ, പാക്സ്, പ്രാദേശിക സഹകരണ സ്ഥാപനങ്ങൾ എന്നിവയും ഇതിൽ പങ്കെടുക്കും.
സഹകാർ സെ സമൃദ്ധി ലക്ഷ്യം
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ “സഹകാർ സെ സമൃദ്ധി” എന്ന ദർശനത്തിന്റെ ഭാഗമായാണ് ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്. കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി അമിത് ഷായുടെ നേതൃത്വത്തിലാണ് പരിപാടികൾ നടക്കുന്നത്. സഹകരണ മേഖലയുടെ നേട്ടങ്ങളും പുതിയ പദ്ധതികളും ജനങ്ങളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. പാക്സ് കമ്പ്യൂട്ടറൈസേഷൻ, ഡിജിറ്റൽ സേവനങ്ങൾ, സാമ്പത്തിക സാക്ഷരത, കർഷക ക്ഷേമം, ധാന്യ സംഭരണം, ക്ഷീര-മത്സ്യ സഹകരണ മേഖലകൾ എന്നിവയാണ് പ്രധാന വിഷയങ്ങൾ.
ഗ്രാമതലത്തിലും നഗരതലത്തിലും പരിപാടികൾ
സഹകരണ പ്രതിജ്ഞ, ബോധവത്കരണ ക്യാമ്പുകൾ, പൊതുയോഗങ്ങൾ, പാക്സ് അംഗത്വ ക്യാമ്പെയ്നുകൾ, ഇ-പാക്സ് പ്രദർശനങ്ങൾ, ഡിജിറ്റൽ പണമിടപാട് ബോധവത്കരണം, കെ.സി.സി., ഡി.ബി.ടി. ക്യാമ്പുകൾ എന്നിവ നടക്കും. കർഷകരുമായുള്ള സംവാദം, ഉൽപ്പന്ന പ്രദർശനം, യുവജന മത്സരങ്ങൾ, സെമിനാറുകൾ, ആരോഗ്യ ക്യാമ്പുകൾ, രക്തദാന ക്യാമ്പുകൾ, ശുചീകരണ പ്രവർത്തനങ്ങൾ, വൃക്ഷത്തൈ നടൽ തുടങ്ങിയവയും പരിപാടിയുടെ ഭാഗമാണ്.
സമാപനം ഭാരത് മണ്ഡപത്തിൽ
ആഘോഷങ്ങളുടെ സമാപനം ജൂലൈ 6ന് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടക്കും. അമിത് ഷായും മറ്റ് കേന്ദ്രമന്ത്രിമാരും സമാപന പരിപാടിയിൽ പങ്കെടുക്കും. നയസംവാദം, പോർട്ടൽ ഉദ്ഘാടനം, സഹകരണ ഉൽപ്പന്ന പ്രദർശനം, സഹകരണ സ്ഥാപനങ്ങളുടെ പങ്കാളിത്തം എന്നിവയും അന്ന് ഉണ്ടാകും. സഹകരണ പ്രസ്ഥാനം കൂടുതൽ സുതാര്യവും സാങ്കേതികവിദ്യ അധിഷ്ഠിതവും ജനകീയവുമായ വികസന മാതൃകയാക്കി മാറ്റാനാണ് സർക്കാർ ശ്രമിക്കുന്നത്.