ഇടുക്കി, 2026 ജൂൺ 15 –
വണ്ടിപ്പെരിയാറിൽ വിനോദസഞ്ചാരികളെ മർദിച്ച കേസിൽ രണ്ട് ജീപ്പ് ഡ്രൈവർമാരെ പൊലീസ് അറസ്റ്റ് ചെയ്തു. കുമളി സ്വദേശികളായ കലേഷ്, കാർത്തിക് എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ച തൃശൂരിൽ നിന്ന് 27 പേരടങ്ങുന്ന സംഘം ഓഫ് റോഡ് റൈഡിംഗിനായി ബൈക്കുകളിൽ വണ്ടിപ്പെരിയാറിലെത്തിയപ്പോഴാണ് സംഭവം നടന്നത്.
സത്രത്തിന് സമീപത്തെ വ്യൂ പോയിന്റിലേക്ക് പോകുന്നതിനിടെ ഓഫ് റോഡ് ജീപ്പ് ഡ്രൈവർമാർ എതിർപ്പുമായി എത്തുകയും തുടർന്ന് ഇരുകൂട്ടരും തമ്മിൽ വാക്കേറ്റമുണ്ടാകുകയും ചെയ്തു. പിന്നീട് പ്രശ്നം ഒത്തുതീർത്ത് വിനോദസഞ്ചാരികൾ താമസ സ്ഥലത്തേക്ക് മടങ്ങി. എന്നാൽ രാത്രി സംഘമായെത്തിയ ജീപ്പ് ഡ്രൈവർമാർ റിസോർട്ട് ഉടമയോട് വിനോദസഞ്ചാരികളെ ഇറക്കിവിടാൻ ആവശ്യപ്പെട്ടു. ഇതിന് തയ്യാറാകാതിരുന്നതോടെയാണ് ആക്രമണം നടന്നത്.
മർദനത്തിൽ തൃശൂർ സ്വദേശി അനീഷിന്റെ ഇടത് കൈ ഒടിഞ്ഞു. മലപ്പുറം സ്വദേശി സൂഫിയാന്റെ കാലിനും പരിക്കേറ്റു. വിനോദസഞ്ചാരികളുടെ വാഹനങ്ങളും ആക്രമിച്ച് നശിപ്പിച്ചു. കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം. സിസിടിവി ക്യാമറ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് വണ്ടിപ്പെരിയാർ പൊലീസ് അന്വേഷണം തുടരുകയാണ്.