താഴേക്കോട്, 2026 ജൂൺ 15 –
താഴേക്കോട് പഞ്ചായത്തിലെ പൊതുശ്മശാന ഭൂമിയിലെ മരംമുറി വിവാദത്തിൽ സിപിഎം പ്രവർത്തകർ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. മരംകൊള്ളയ്ക്ക് ഒത്താശ ചെയ്തതായി ആരോപിച്ച് പഞ്ചായത്ത് പ്രസിഡന്റ് രാജിവയ്ക്കണമെന്നും മരംമുറിക്ക് പിന്നിലുള്ളവരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
സിപിഎം ഏരിയ കമ്മിറ്റി അംഗം വള്ളൂരാൻ ഹനീഫ മാർച്ച് ഉദ്ഘാടനം ചെയ്തു. ടി.ടി. മുഹമ്മദാലിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ മരംമുറി സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്നും ഉത്തരവാദികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം കെ.പി. അനീഷ്, സിപിഎം ലോക്കൽ സെക്രട്ടറി പി.കെ. അഫ്സൽ, പൊന്നേത്ത് ഉമ്മർ, വാർഡ് മെമ്പർ പി. മൊയ്തുപ്പു തുടങ്ങിയവർ പ്രതിഷേധ യോഗത്തിൽ സംസാരിച്ചു. വിഷയത്തിൽ ബന്ധപ്പെട്ട അധികാരികൾ അടിയന്തര ഇടപെടൽ നടത്തണമെന്ന ആവശ്യവും ഉയർന്നു.