കൽപ്പറ്റ, 2026 ജൂൺ 12 –
വയനാട്ടിൽ കാട്ടാന ആക്രമണങ്ങൾ തുടർച്ചയായി മനുഷ്യജീവൻ കവർന്നുകൊണ്ടിരിക്കുകയാണ്. ഈ വർഷം മാത്രം ജില്ലയിൽ മൂന്ന് പേരാണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഏറ്റവും ഒടുവിൽ ബുധനാഴ്ച രാവിലെ പത്തുമണിയോടെ നോർത്ത് വയനാട് വനവിഭാഗ പരിധിയിലെ കാട്ടിക്കുളം പുലിമൂടുകുന്നിൽ 65കാരനായ രാജു കാട്ടാന ആക്രമണത്തിൽ മരിച്ചു.
ഈ വർഷത്തെ ആദ്യ മരണം മാർച്ച് നാലിന് ബത്തേരി വടക്കനാട് സ്വദേശി കർഷകൻ രാജീവിന്റേതായിരുന്നു. കൃഷിയിടത്തിലിറങ്ങിയ ആനയെ തുരത്താനുള്ള ശ്രമത്തിനിടെയാണ് ജീവൻ നഷ്ടമായത്. മേയ് 26ന് മേപ്പാടി കള്ളാടിയിൽ 46കാരിയായ ജസി കൊല്ലപ്പെട്ടു. ഭർത്താവിനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ വഴിയിൽ ആനയെ കണ്ടതോടെ ഇരുവരും ഓടിയെങ്കിലും ആന പിന്തുടർന്ന് ജസിയെ ആക്രമിക്കുകയായിരുന്നു. ഏറ്റവും പുതിയ സംഭവത്തിൽ നാട്ടിലിറങ്ങിയ ആനയെ വനപാലകരും നാട്ടുകാരും ചേർന്ന് തുരത്തുന്നതിനിടെയാണ് വീട്ടിന് സമീപം ജോലി ചെയ്തുകൊണ്ടിരുന്ന രാജുവിനെ ആന ആക്രമിച്ചത്.
വന്യജീവി ആക്രമണങ്ങൾ വയനാട്ടിൽ വലിയ ആശങ്കയായി തുടരുകയാണ്. 1980 മുതൽ 2023 വരെ ജില്ലയിൽ 41 പേർ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടതായി കണക്കുകൾ വ്യക്തമാക്കുന്നു. ഇതേ കാലയളവിൽ കടുവ, കാട്ടുപോത്ത്, പാമ്പ്, കരടി, കാട്ടുപന്നി തുടങ്ങിയ വന്യജീവികളുടെ ആക്രമണത്തിൽ ആകെ 150 മനുഷ്യജീവനുകളാണ് നഷ്ടമായത്. കാടും നാടും ഇടകലർന്നുകിടക്കുന്ന പ്രദേശങ്ങളായതിനാൽ പല മേഖലകളിലും ജനങ്ങൾ ഭീതിയോടെയാണ് ജീവിക്കുന്നത്. വന്യജീവികളുടെ നാട്ടിലിറക്കം തടയാൻ വിവിധ പദ്ധതികൾ നടപ്പാക്കുന്നുണ്ടെങ്കിലും അവ പൂർണ ഫലപ്രദമാകുന്നില്ലെന്നാണ് വിലയിരുത്തൽ.