കോട്ടയം, 2026 ജൂൺ 12 –
പാലാ നഗരസഭാ അധ്യക്ഷ ദിയ പുളിക്കക്കണ്ടം രാജിവെക്കണമെന്ന് കോൺഗ്രസ് കൗൺസിലർ ബിജു മാത്യൂസ് ആവശ്യപ്പെട്ടു. സ്വതന്ത്ര കൂട്ടായ്മയുമായി ഇനി സഹകരണം തുടരാനാവില്ലെന്നും കോൺഗ്രസ് പ്രവർത്തകരുടെ ആത്മാഭിമാനം സംരക്ഷിക്കേണ്ട സാഹചര്യമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് കൗൺസിലർമാർ ഒറ്റക്കെട്ടാണെന്നും അവരുടെ നിലപാട് നേതൃത്വത്തെ എഴുതി അറിയിച്ചിട്ടുണ്ടെന്നും ബിജു മാത്യൂസ് വ്യക്തമാക്കി.
സ്വതന്ത്ര കൂട്ടായ്മയിൽ വിശ്വാസം നഷ്ടപ്പെട്ടതായും കോൺഗ്രസ് കൗൺസിലർക്കെതിരെ കള്ളക്കേസ് നൽകിയതായും കോൺഗ്രസ് കൗൺസിലർമാർ ആരോപിക്കുന്നു. ഭരണത്തിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർക്കോ കൗൺസിലർമാർക്കോ യാതൊരു പങ്കുമില്ലെന്നും അവർ പറയുന്നു. ജില്ലാ യുഡിഎഫ് കൺവീനർക്ക് വിയോജനക്കത്തും കൗൺസിലർമാർ നൽകിയിട്ടുണ്ട്. അധികാരത്തേക്കാൾ ആത്മാഭിമാനത്തിനാണ് പ്രാധാന്യമെന്നും നിലപാടിൽ വിട്ടുവീഴ്ചയില്ലെന്നും ബിജു മാത്യൂസ് പറഞ്ഞു.
ഇതിനിടെ, ബിജു മാത്യൂസിന്റെ പരാതിയിൽ സ്വതന്ത്ര കൗൺസിലർ ബിനു പുളിക്കക്കണ്ടത്തിനും സഹോദരനുമെതിരെ പാലാ പൊലീസ് കേസെടുത്തിരുന്നു. കയ്യേറ്റം ചെയ്യൽ, അസഭ്യം പറയൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. ഇതിന് പിന്നാലെ ചെയർപേഴ്സൺ ദിയ പുളിക്കക്കണ്ടവും പരാതി നൽകി. തന്റെ ചേംബറിലെ വിലപ്പെട്ട വാച്ചും പ്രധാന ഫയലും നഷ്ടമായെന്നാണ് പരാതിയിൽ പറയുന്നത്. ബിജു മാത്യൂസ് ചേംബറിൽ വന്നുപോയ ശേഷമാണ് ഇവ കാണാതായതെന്ന് ദിയ ആരോപിക്കുന്നു. കേസ് സംബന്ധിച്ച നടപടിക്കായി പൊലീസ് മഹസർ തയ്യാറാക്കിയ സംഭവവും വിവാദത്തിന് കാരണമായിട്ടുണ്ട്.