തിരുവനന്തപുരം, 2026 ജൂൺ 8 –
കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതി ആദ്യഘട്ടത്തിൽ ഓർഡിനറി സർവീസുകളിൽ മാത്രമായി നടപ്പാക്കാൻ തീരുമാനം. യുഡിഎഫ് സർക്കാരിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ പദ്ധതി ജൂൺ 15 മുതൽ പ്രാബല്യത്തിൽ വരുത്താനാണ് ലക്ഷ്യമിടുന്നത്. ആദ്യ 100 ദിവസം പരീക്ഷണാടിസ്ഥാനത്തിലായിരിക്കും പദ്ധതി നടപ്പാക്കുക.
മുഖ്യമന്ത്രി വി.ഡി. സതീശനും ഗതാഗത മന്ത്രി സി.പി. ജോണും തമ്മിൽ നടന്ന ചർച്ചയിലാണ് ഇക്കാര്യത്തിൽ ധാരണയായത്. പദ്ധതിമൂലം കെഎസ്ആർടിസിക്ക് ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം എങ്ങനെ നികത്താമെന്ന് പഠിക്കാൻ ധനകാര്യ സെക്രട്ടറിയെ ചുമതലപ്പെടുത്തി. ആദ്യ 100 ദിവസത്തെ പ്രവർത്തനവും യാത്രാ രീതികളും വിലയിരുത്തിയ ശേഷമാകും രണ്ടാംഘട്ട നടപടികൾ സ്വീകരിക്കുക.
ഫാസ്റ്റ് പാസഞ്ചർ ഉൾപ്പെടെയുള്ള ഉയർന്ന ശ്രേണിയിലുള്ള ബസുകളിലും ദീർഘദൂര സർവീസുകളിലും തുടക്കത്തിൽ തന്നെ സൗജന്യ യാത്ര അനുവദിക്കുന്നത് പ്രായോഗിക ബുദ്ധിമുട്ടുകളും വരുമാന നഷ്ടവും ഉണ്ടാക്കുമെന്നാണ് കെഎസ്ആർടിസി വിദഗ്ധ സമിതിയുടെ വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് ഓർഡിനറി സർവീസുകളിൽ മാത്രം പദ്ധതി ആരംഭിക്കാൻ തീരുമാനിച്ചത്. ആദ്യഘട്ടത്തിന്റെ ഫലങ്ങൾ പഠിച്ച ശേഷം മറ്റ് സർവീസുകളിലേക്കും ആനുകൂല്യം വ്യാപിപ്പിക്കുന്ന കാര്യം പരിഗണിക്കും.