പാലക്കാട്: തന്റെ ഭാര്യയുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് ഹീനമായ അപവാദ പ്രചാരണം നടത്തുകയാണെന്ന പരാതിയുമായി മന്ത്രിയും തൃത്താലയിലെ എൽഡിഎഫ് സ്ഥാനാർഥിയുമായ എം.ബി. രാജേഷ്. സാമൂഹിക മാധ്യമങ്ങളില്‍ അതിരുവിട്ട രീതിയിലുള്ള വ്യക്തിഹത്യയാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് കാലത്ത് ഒരു പൊതുപ്രവര്ത്തകന് ഇങ്ങനെയൊരു നടപടിയിലേക്ക് കടക്കുന്നത് ഇത് ആദ്യമായിരിക്കുമെന്നും കുടുംബത്തെ വേട്ടയാടുമ്പോള്‍ ഇതല്ലാതെ വേറെ വഴിയില്ല എന്നും അദ്ദേഹം പറഞ്ഞു. സൈബര്‍ അധിക്ഷേപങ്ങള്‍ക്കെതിരെ നിയമപരമായി മുന്നോട്ട് നീങ്ങാന്‍ ഒരു ഐടി സെല്ലിനെയും അഭിഭാഷക സംഘത്തെയും നിയോഗിച്ചിരിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.
എല്ലാ പരിധിയും ലംഘിക്കുന്ന വ്യക്തിഹത്യയാണ് യുഡിഎഫ് നടത്തുന്നത്
തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടം എത്തിയപ്പോള്‍ എല്ലാ പരിധിയും ലംഘിക്കുന്ന വ്യക്തിഹത്യയാണ് യുഡിഎഫ് നടത്തുന്നത്. കുടുംബത്തെയും അധിക്ഷേപിക്കുന്ന പ്രവര്‍ത്തിയാണ് നടത്തുന്നത്. ഇതിനെ നിയമപരമായി നേരിടാനാണ് തീരുമാനം. കഴിഞ്ഞ ദിവസങ്ങളില്‍ ഭാര്യയുടെ ചിത്രം വരെ ഉള്‍പ്പെടുത്തി വാട്സ്ആപ്പിലൂടെ അധിക്ഷേപ പ്രചരണം നടക്കുന്നു. അതിനെതിരെ ഡിജിപിക്കും തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്കി. തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേയാണ് സരസ് മേളയെ കുറിച്ച് ആരോപണം ഉന്നയിക്കുന്നത്. ഇത്തരം പ്രചരണങ്ങള്‍ അപ്രതീക്ഷിതമല്ലെന്നും മന്ത്രി പറഞ്ഞു.
