ടെഹ്റാൻ: ഇറാന്റെ തലസ്ഥാനമായ ടെഹ്റാൻ നഗരം കേന്ദ്രീകരിച്ച് കനത്ത വ്യോമാക്രമണം നടത്തി ഇസ്രയേൽ. വടക്കൻ ടെഹ്റാനിലെ ഗാന്ധി ആശുപത്രിക്ക് നേരെയും ആക്രമണമുണ്ടായി. ഇറാൻ മാധ്യമങ്ങളാണ് ആക്രമണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇറാനെതിരായ അമേരിക്ക-ഇസ്രയേൽ സംയുക്ത സൈനിക നടപടിയുടെ രണ്ടാം ദിവസമാണ് ഗാന്ധി ആശുപത്രിക്ക് നേരെ ആക്രമണമുണ്ടായത്. “സയണിസ്റ്റ്-അമേരിക്കൻ വ്യോമാക്രമണം’ എന്നാണ് ഇറാനിയൻ വാർത്ത ഏജൻസിയായ ഐഎസ്എൻഎ ആക്രമണത്തെ വിശേഷിപ്പിച്ചത്.
ഇസ്രയേൽ ഒരേ സമയം 100 യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് ആക്രമണം നടത്തി
ഫാർസ്, മിസാൻ എന്നീ വാർത്താ ഏജൻസികൾ ആശുപത്രിക്കുള്ളിൽ നിന്നുള്ള ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്. വീൽചെയറുകൾക്ക് സമീപം തറയിൽ ചിതറിക്കിടക്കുന്ന അവശിഷ്ടങ്ങളുടെ ദൃശ്യമാണ് ആക്രമണത്തിന് തെളിവായി പുറത്തുവിട്ടത്.ആക്രമണത്തിന് പിന്നാലെ രോഗികളെ ഒഴിപ്പിച്ചു. അതേസമയം ഇസ്രയേൽ ഒരേ സമയം 100 യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് ആക്രമണം നടത്തിയതായി ഇസ്രയേൽ പ്രതിരോധ സേന വക്താവ് ബ്രിഗേഡിയർ ജനറൽ എഫീ ഡെഫ്രിൻ വ്യക്തമാക്കി.
കനത്ത ആക്രമണം നടത്തുമെന്ന് യുഎസ്
ഇറാനിലുണ്ടായ വ്യോമാക്രമണത്തിന് പിന്നാലെ ഇസ്രയേലിലും ഗൾഫ് മേഖലയിലെ യുഎസ് സൈനിക താവളങ്ങളിലും മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ ആരംഭിച്ചിട്ടുണ്ട്. നേരത്തെ ഇറാന്റെ മിസൈൽ ശേഖരം തകർത്തതായി അവകാശപ്പെട്ട യുഎസ് വരും മണിക്കൂറുകളിൽ കനത്ത ആക്രമണം നടത്തുമെന്ന് അറിയിച്ചിരുന്നു.
Tags : iran Tehran Gandhi Hospital israel usa
