തിരുവനന്തപുരം: തിരുവനന്തപുരം മാൾ ഓഫ് ട്രാവൻകൂറിൽവെച്ച് പോലീസുദ്യോഗസ്ഥൻ മിഥുൻ റോയിയെ മർദിച്ച സംഭവത്തിൽ രണ്ട് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ. വിനയ്, സുർജിത്ത് എന്നിവരാണ് അറസ്റ്റിലായത്. വഞ്ചിയൂർ പോലീസാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവരികയും വിവാദമാവുകയും ചെയ്തതിന് പിന്നാലെ എസ്എഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്യാത്തത് വിമർശനത്തിന് കാരണമായിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.
പുതുവത്സരാഘോഷവേളയിലുണ്ടായ തർക്കത്തിന്റെ പേരിലാണ് എസ്എഫ്ഐ പ്രവർത്തകർ മിഥുനെ ആക്രമിച്ചത്.
.ഡിസംബർ 31-ന് പുതുവത്സരാഘോഷവേളയിലുണ്ടായ തർക്കത്തിന്റെ പേരിലാണ് ഫെബ്രുവരി 14 ശനിയാഴ്ച ഷോപ്പിങ് മാളിൽ എസ്എഫ്ഐ പ്രവർത്തകർ മിഥുനെ ആക്രമിച്ചത്. മിഥുന്റെ പേരിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. സഹോദരിയുടെ പേരിലും കേസ് എടുത്തിട്ടുണ്ട്. എന്നാൽ, സഹോദരിയുടെ പേര് എഫ്ഐആറിൽ ഇല്ല. കണ്ടാലറിയാവുന്ന സ്ത്രീ എന്നു മാത്രമാണ് ചേർത്തിട്ടുള്ളത്. അതേസമയം, മിഥുൻ നൽകിയ പരാതിയിൽ ദുർബല വകുപ്പുകളിട്ടാണ് എസ്എഫ്ഐ പ്രവർത്തകരുടെ പേരിൽ കേസെടുത്തിട്ടുള്ളത്.
മിഥുനും സഹോദരിയും മാറിപ്പോയിട്ടും എസ്എഫ്ഐക്കാർ ആക്രമിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്.
ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നോടെയായിരുന്നു സംഭവം. നാല് എസ്എഫ്ഐ പ്രവർത്തകർ മിഥുനെയും സഹോദരിയെയും പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. . പിന്തുടർന്ന് അസഭ്യം പറയുന്നതും ആക്രമിക്കുന്നതുമായ ദൃശ്യം പുറത്തുവന്ന വീഡിയോയിലുണ്ട്. പലപ്പോഴും മിഥുനും സഹോദരിയും പ്രകോപിപ്പിക്കാതെ മാറിപ്പോയിട്ടും എസ്എഫ്ഐക്കാർ ആക്രമിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്. അവസാനം ശാരീരികമായി കൈയേറ്റം ചെയ്തപ്പോഴാണ് മിഥുൻ പ്രതിരോധിച്ചത്. ഡിസംബർ 31-ന് പുതുവത്സരാഘോഷവേളയിൽ ശംഖുംമുഖത്ത് എത്തിയ എസ്എഫ്ഐ. പ്രവർത്തകരും പോലീസുമായി തർക്കമുണ്ടായിരുന്നു. തുടർന്ന് മിഥുൻ അടക്കമുള്ളവർ ലാത്തിവീശുകയും ചെയ്തിരുന്നു.
