ചെന്നൈ: തമിഴ്നാട്ടിൽ ഡിഎംകെയുമായുള്ള സഖ്യത്തിൽ അടിയുറച്ചു നിൽക്കുമെന്ന് ടിഎൻസിസി അധ്യക്ഷൻ കെ. സെൽവപെരുതഗൈ.കോൺഗ്രസ്-ഡിഎംകെ സഖ്യത്തിന് യാതൊരു ഭീഷണിയുമില്ലെന്നും അന്തസുറ്റ രീതിയിൽ സീറ്റ് ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ആസ്ഥാനമായ സത്യമൂർത്തി ഭവനിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ടിവികെയുമായി സഖ്യമുണ്ടാക്കണമെന്ന തരത്തിൽ ചർച്ചകളൊന്നും ഉണ്ടായിട്ടില്ല
നടൻ വിജയിന്റെ പാർട്ടിയായ ടിവികെയുമായി സഖ്യമുണ്ടാക്കണമെന്നു ചില കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തെക്കുറിച്ചു ചോദിച്ചപ്പോൾ, അത്തരം ചർച്ചകളൊന്നും ഉണ്ടായില്ലെന്നായിരുന്നു സെൽവപെരുതഗൈയുടെ മറുപടി. ടിവികെയുമായി സഖ്യമുണ്ടാക്കില്ലെന്ന് തമിഴ്നാടിന്റെ ചുമതലയുള്ള ഗിരീഷ് ചോദാൻകർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പിനുശേഷം അധികാരം പങ്കിടണമെന്ന് കോൺഗ്രസ് എംപി മാണിക്കം ടാഗോർ ആവശ്യപ്പെട്ടിരുന്നു.
