ന്യൂഡൽഹി: ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡിൽ ഇന്ത്യൻ സേനയുടെ ഭാഗമായി അതിർത്തി സംരക്ഷിക്കുന്ന മൃഗസംഘത്തെയും അവതരിപ്പിക്കും. കരസേനയുടെ റീമൗണ്ട് ആൻഡ് വെറ്ററിനറി കോർപ്സിന്റെ (ആർവിസി) ഭാഗമായ മൃഗങ്ങളാണ് കർത്തവ്യപഥിൽ ഇത്തവണ റിപ്പബ്ലിക് ദിനത്തിൽ അണിനിരക്കുക.ലഡാക്കിൽ അതിർത്തി കാക്കുന്ന സൈന്യത്തിന്റെ ഭാഗമായ ബാട്രിയൻ ഒട്ടകങ്ങൾ, മലയിടുക്കുകളിൽ സൈന്യത്തിന്റെ സഹായികളായ സാനിസ്കാരി കുതിരകൾ, പരുന്തുകൾ, ഇന്ത്യൻ ഇനത്തിൽപ്പെട്ട പത്ത് നായ്ക്കൾ എന്നിവയായിരിക്കും പരേഡിന്റെ ഭാഗമാക്കുക.
ബാട്രിയൻ ഒട്ടകങ്ങൾ
ലഡാക്കിലെ തണുത്ത മരുഭൂമിയിൽ സൈന്യത്തിന്റെ സഹായികളായി ബാട്രിയൻ ഒട്ടകങ്ങൾ അടുത്തിടെയാണ് സേനയുടെ ഭാഗമായത്. അതിശൈത്യം നിറഞ്ഞ കാലാവസ്ഥയിലും 15000 അടി ഉയരത്തിലും 250 കിലോഗ്രാം വരെ ഭാരം വഹിക്കാൻ കഴിയുന്ന ഒട്ടകയിനത്തിൽപ്പെട്ടവയാണിത്. ദീർഘദൂര സഞ്ചാരത്തിന് കുറഞ്ഞ അളവിലുള്ള വെള്ളവും ഭക്ഷണവും മതി ഇവയ്ക്ക്. മലമുകളിൽ പട്രോളിംഗ് നടത്തുന്നതിനും സൈന്യത്തിന് ലോജിസ്റ്റിക് പിന്തുണ നൽകുന്നതിനും ബാട്രിയൻ ഒട്ടകങ്ങൾ വലിയ പങ്ക് വഹിക്കുന്നു.
സാനിസ്കാരി കുതിരകൾ.
സാധാരണ കുതിരകളെ അപേക്ഷിച്ച് വലിപ്പക്കുറവുള്ള ഇന്ത്യൻ ഇനമാണ് സാനിസ്കാരി കുതിരകൾ. മൈനസ് 40 ഡിഗ്രി സെൽഷ്യസ് താപനിലയിൽ 40 മുതൽ 60 കിലോവരെ ഭാരം വഹിക്കാൻ ഇവയ്ക്കു സാധിക്കും. 2020 ലാണ് ഈ കുതിരകൾ സൈന്യത്തിന്റെ ഭാഗമാകുന്നത്.സിയാച്ചിൻ മലനിരകൾ ഉൾപ്പടെയുള്ള കഠിനമായ ഭൂപ്രദേശങ്ങളിൽ സേനയ്ക്കൊപ്പം അതിർത്തിസംരക്ഷണ ദൗത്യത്തിന്റെ ഭാഗമാണിവർ. ഒറ്റത്തവണ 70 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയുന്ന ഇക്കൂട്ടർ കുന്നിൻപ്രദേശത്തെ പട്രോളിംഗ് അടക്കമുള്ള ദൗത്യങ്ങൾക്ക് സൈന്യത്തിനു പിന്തുണ നൽകുന്നുണ്ട്.
റാപ്റ്ററുകൾ എന്നറിയപ്പെടുന്ന പരുന്തുകളും, സൈനിക പരിശീലനം നേടിയ നായ്കക്ളും
ശത്രുരാജ്യത്തിന്റെ പക്ഷി ആക്രമണത്തിൽനിന്നും അതിർത്തികൾ സംരക്ഷിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമാണ് റാപ്റ്ററുകൾ എന്നറിയപ്പെടുന്ന പരുന്തുകൾ സേനയുടെ ഭാഗമാകുന്നത്. ഇവയും റിപ്പബ്ലിക് ദിന പരേഡിന്റെ ശ്രദ്ധാകേന്ദ്രമാകും. ഇതോടൊപ്പം തദ്ദേശീയ ഇനത്തിൽപ്പെട്ട സൈനിക പരിശീലനം നേടിയ പത്തോളം നായ്ക്കളാണ് റിപ്പബ്ലിക് ദിനത്തിൽ പരേഡിൽ എത്തുന്നത്.
