തിരുവനന്തപുരം: തീവ്ര വോട്ടർപട്ടിക (എസ്ഐആർ) പരിഷ്കരണവുമായി ബന്ധപ്പെട്ട് മൂന്നു ലക്ഷത്തോളം വോട്ടർമാരെ കാണാനില്ല. ഡിജിറ്റൈസ് ചെയ്ത എന്യുമറേഷൻ ഫോറത്തിന്റെ എണ്ണം 1.07 കോടിയായി ഉയർന്നപ്പോഴാണ് ഇതിൽ മൂന്നു ലക്ഷത്തോളം വോട്ടർമാരെ കാണാതായത്. മൊത്തം വിതരണം ചെയ്ത ഫോമുകളിൽ 38.45 ശതമാനം ഡിജിറ്റൈസ് ചെയ്ത് തിരിച്ചെത്തിയതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. ഖേൽക്കർ അറിയിച്ചു.
യഥാർഥ കണക്ക് ഇതിലും കൂടുതൽ
മരിച്ചവരും സ്ഥിരമായി സ്ഥലംമാറി പോയവരും അടക്കമുള്ളവരുടെ കണക്കാണിത്. എല്ലാ ബിഎൽഒമാരും മുഴുവൻ ഡേറ്റയും ഡിജിറ്റൈസ് ചെയ്തിട്ടില്ലെന്നും യഥാർഥ കണക്ക് ഇതിലും കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു.50ൽ താഴെ ഫോമുകളിൽ താഴെ ഡിജിറ്റൈസ് ചെയ്ത ബിഎൽഒമാരുമായി സിഇഒ നേരിട്ട് വീഡിയോ കോണ്‍ഫറൻസ് മുഖേന സംസാരിച്ച് അവരുടെ പ്രശ്നങ്ങൾ മനസിലാക്കി. വരുംദിവസങ്ങളിൽ ഫോറങ്ങൾ സ്വീകരിക്കാനും അവ അപ്ലോഡ് ചെയ്യാനുമായി കൂടുതൽ ക്യാമ്പുകൾ സജ്ജമാക്കും. ബൂത്ത് ലെവൽ ഓഫീസർമാർ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പിന്തുണയോടെ ക്യാമ്പുകൾ കേന്ദ്രീകരിച്ചുള്ള പ്രവർത്തനം തുടരുമെന്നും രത്തൻ യു. ഖേൽക്കർ അറിയിച്ചു.
