.തളിപ്പറമ്പ്: കിണറിന്റെ ഇരുമ്പ് നെറ്റിനിടയിൽ കൈ കുടുങ്ങിയ വയോധികനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. പാടിക്കുന്ന് ഗോപാലൻ പീടികയ്ക്ക് സമീപത്തെ രവീന്ദ്രന്റെ വലതുകൈയാണ് വീട്ടിലെ കിണർ മൂടിയിരുന്ന ഇരുമ്പു നെറ്റിനിടയിൽ കുടുങ്ങിയത്. കിണറിനകത്തെ പുല്ലും കാടും പറിച്ചു കളയുന്നതിനായി നെറ്റിന്റെ കണ്ണികൾക്കിടയിലൂടെ കൈയിട്ടു. ചെറിയ കണ്ണിക്കിടയിലൂടെ കൈമുട്ട് കടന്നു പോയെങ്കിലും തിരിച്ചെടുക്കാൻ പറ്റാതായ സാഹചര്യത്തിലെത്തുകയായിരുന്നു. തുടർന്നാണ് അഗ്നി രക്ഷാസേനയുടെ സഹായം തേടിയത്.
അഗ്നി രക്ഷാസേനയെത്തി ഷിയേർസ് ഉപയോഗിച്ച് കണ്ണികൾ മുറിച്ചുമാറ്റി
സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എസ്. വിജയകുമാറിന്റെ നേതൃത്വത്തിൽ തളിപ്പറമ്പിൽ നിന്നെത്തിയ സേനയാണ് ഷിയേർസ് ഉപയോഗിച്ച് കണ്ണികൾ മുറിച്ചുമാറ്റി പരിക്കുകളില്ലാതെ കൈ പുറത്തെടുത്തത്. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഷജിൽകുമാർ മിന്നാടൻ, പി.വി. ഗിരീഷ്, കെ. ധനേഷ്, ഹോം ഗാർഡ് സി.വി. രവീന്ദ്രൻ എന്നിവരും ഉണ്ടായിരുന്നു
