കൊച്ചി: എറണാകുളം പള്ളുരുത്തി സെയ്ന്റ് റീത്താസ് പബ്ലിക് സ്കൂളിലെ ശിരോവസ്ത്ര തർക്കത്തിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയെ തള്ളി പിടിഎ പ്രസിഡന്റ്. ശിരോവസ്ത്രം അനുവദിക്കില്ലെന്ന സ്കൂളിന്റെ നയത്തിൽ മാറ്റമില്ലെന്നും നിയമം എല്ലാവർക്കും ബാധകമാണെന്നും പിടിഎ പ്രസിഡന്റ് ജോഷി കൈതവളപ്പിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.
ശിരോവസ്ത്രത്തിന്റെ നിറവും ഡിസൈനും സ്കൂൾ അധികൃതർക്ക് തീരുമാനിക്കാമെന്ന് മന്ത്രി
വിദ്യാർഥിനിയെ ശിരോവസ്ത്രം ധരിക്കാൻ അനുവദിക്കാത്തത് ഗുരുതരമായ വീഴ്ചയാണെന്നും ഭരണഘടന ഉറപ്പുനൽകുന്ന മതാചാര സ്വാതന്ത്ര്യത്തിന് വിരുദ്ധവുമാണെന്ന് മന്ത്രി ശിവൻകുട്ടി പറഞ്ഞിരുന്നു. മതവിശ്വാസത്തിന്റെ ഭാഗമായി ശിരോവസ്ത്രം ധരിച്ച് തുടർപഠനം നടത്താൻ കുട്ടിയെ അനുവദിക്കണം. ശിരോവസ്ത്രത്തിന്റെ നിറവും ഡിസൈനും സ്കൂൾ അധികൃതർക്ക് തീരുമാനിക്കാമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.ഒക്ടോബർ 15 ബുധനാഴ്ച ഇതുസംബന്ധിച്ച് സ്കൂൾ മാനേജരും പ്രിൻസിപ്പലും റിപ്പോർട്ട് നൽകാനും വിദ്യാഭ്യാസ മന്ത്രി നിർദേശിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് പിടിഎ പ്രസിഡന്റ് രംഗത്തെത്തിയിരിക്കുന്നത്
