ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതിയില്‍ (യുഎന്‍എസ്സി) എഐയെക്കുറിച്ചും ഇന്ത്യ-പാക് സംഘര്‍ഷങ്ങളെക്കുറിച്ചും സംസാരിക്കവെ നാക്കുപിഴച്ച് പാകിസ്താന് പ്രതിരോധ മന്ത്രി ഖ്വാജാ ആസിഫ്. യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് അധ്യക്ഷനായ എഐ ഇന്നൊവേഷന് ഡയലോഗില്‍ സംസാരിച്ച ആസിഫ്, പ്രസംഗത്തിലെ ഉള്ളടക്കത്തേക്കാള്‍ തെറ്റായ ഉച്ചാരണങ്ങള്‍ കൊണ്ടും നാക്കുപിഴകള്‍ കൊണ്ടുമാണ് ശ്രദ്ധ നേടിയത്.
നാക്കുപിഴകള്‍ കോര്‍ത്തിണക്കിയ വീഡിയോ
നാക്കുപിഴ ഒരുപാട് തവണ ആയതോടെ ആസിഫിന്റെ പ്രസംഗം വലിയ തോതില്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കാന്‍ തുടങ്ങി. അദ്ദേഹത്തിന്റെ നാക്കുപിഴകള്‍ കോര്‍ത്തിണക്കിയ ഒരു വീഡിയോ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പോസ്റ്റ് ചെയ്യുകകൂടി ചെയ്തതോടെ കാര്യങ്ങള്‍ അടുത്ത തലത്തിലായി. തെറ്റായ ഉച്ചാരണം, അവ്യക്തമായ പ്രയോഗങ്ങള്‍ എന്നിവയുള്‍പ്പെടെ ഏഴോളം നാക്കുപിഴകളാണ് ആസിഫിന്റെ പ്രസംഗത്തില്‍ നിരീക്ഷകര്‍ കണ്ടെത്തിയത്.
സങ്കീര്‍ണ്ണമായ പദങ്ങള്‍ ഉച്ചരിക്കാന്‍ അദ്ദേഹം പാടുപെട്ടു.
ഒരു ഘട്ടത്തില്‍, അദ്ദേഹം ‘breathtaking space’ എന്ന് പറഞ്ഞ ശേഷം ‘breathtaking pace’ എന്ന് തിരുത്തി. ‘risk’ എന്നത് ‘riks’ എന്നും,’development’ എന്നതിനെ ‘developend ‘ എന്നും തെറ്റായി ഉച്ചരിച്ചു. ‘instability’, ‘technological disparties’ തുടങ്ങിയ സങ്കീര്‍ണ്ണമായ പദങ്ങള്‍ ഉച്ചരിക്കാന്‍ അദ്ദേഹം പാടുപെട്ടു. ‘first time’ എന്നതിന് ‘sirst time’ എന്ന് തെറ്റായി പറയുകയും, ശരിയായി പറയാന്‍ ഉദ്ദേശിച്ച് പലതവണ തിരുത്തുകയും ചെയ്തു, എന്നിട്ടും തെറ്റി. ‘six pillars’ എന്ന് പറയുന്നതിന് പകരം ‘six pip-pillars’ എന്നടക്കം പറഞ്ഞു.
