ന്യൂഡൽഹി : കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരുടെ കെട്ടിടങ്ങൾ ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരത്തി ശിക്ഷ നൽകുന്ന രീതി തടഞ്ഞ വിധി മനുഷ്യരുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടതായതിനാൽ അതിയായ തൃപ്തി നൽകിയെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് പറഞ്ഞു.
2024 നവംബർ 13-നാണ് ജസ്റ്റിസുമാരായ ബി.ആർ. ഗവായിയും കെ.വി. വിശ്വനാഥനും അടങ്ങിയ സുപ്രീംകോടതി ബെഞ്ച് ബുൾഡോസർ നീതി നിയമരഹിതാവസ്ഥയ്ക്ക് തുല്യമാണെന്ന് വിധിച്ചത്. കഴിഞ്ഞദിവസം സുപ്രീംകോടതി അഭിഭാഷകരുടെ അക്കാദമിക് ഗ്രൂപ്പ് സംഘടിപ്പിച്ച ചടങ്ങിലാണ് ചീഫ് ജസ്റ്റിസ് ബുൾഡോസർ വിധിയെക്കുറിച്ച് പരാമർശിച്ചത്.
ജസ്റ്റിസ് വിശ്വനാഥനൊപ്പം ആറുമാസത്തോളം സുപ്രീംകോടതി ബെഞ്ചിൽ ഇരിക്കാൻ അവസരംകിട്ടി. രണ്ടാൾക്കും തൃപ്തി നൽകിയതിലൊന്ന് ബുൾഡോസർ വിധിയായിരുന്നു. ആ വിധിയുടെ ഹൃദയത്തിലുണ്ടായിരുന്നത് മനുഷ്യരുടെ പ്രശ്നങ്ങളായിരുന്നു. ഒരാൾ കുറ്റവാളിയോ കുറ്റാരോപിതനോ ആയതിന്റെ പേരിൽ കുടുംബത്തെ പീഡിപ്പിക്കുന്ന രീതിയാണ് ബുൾഡോസർ വിഷയത്തിലുണ്ടായിരുന്നത്. വിധിയുടെ പേരിൽ കൂടുതൽ ക്രെഡിറ്റ് ലഭിച്ചത് തനിക്കാണെങ്കിലും അതിന്റെ രചനയിൽ തുല്യമായ ക്രെഡിറ്റ് ജസ്റ്റിസ് വിശ്വനാഥന് നൽകണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു
