കോഴിക്കോട്:. വീട്ടില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ച കണ്ണാടിപ്പൊയില്‍ സ്വദേശിയായ യുവതിയെരക്ഷിച്ച് ബാലുശ്ശേരി പോലീസ്. സിഐ ടി.പി. ദിനേശിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കൃത്യസമയത്തെത്തി യുവതിയെ രക്ഷപെടുത്തുകയായിരുന്നു. ആഗസ്റ്റ് 31 ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു സംഭവം.
യുവതിയുടെ ഒന്‍പതുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
സ്‌റ്റേഷനില്‍നിന്ന് അഞ്ച് കിലോമീറ്ററോളം അകലെയുള്ള വീട്ടില്‍ പോലീസ് എത്തിയപ്പോള്‍ ഫാനില്‍ തൂങ്ങിയാടുന്ന യുവതിയെയാണ് കണ്ടത്. ഉടന്‍തന്നെ ഫാനില്‍നിന്ന് കെട്ടഴിച്ച് യുവതിയെ താഴെയിറക്കി പോലീസ് ബാലുശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. യുവതിയെ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. സംഭവസമയത്ത് യുവതിയുടെ ഒന്‍പതുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
പോലീസ് ഫോണ്‍നമ്പറിന്റെ ലൊക്കേഷന്‍ മനസിലാക്കി അങ്ങോട്ട് പുറപ്പെട്ടു
ആത്മഹത്യചെയ്യാന്‍ പോവുകയാണെന്ന് യുവതിതന്നെയാണ് പോലീസിനെ വിളിച്ചറിയിച്ചത്. എസ്പി ഓഫീസിലേക്കെന്ന് കരുതി പയ്യോളി പോലീസ് സ്‌റ്റേഷനിലേക്കാണ് ഇവര്‍ വിളിച്ചത്. ഇതോടെ പയ്യോളി പോലീസ് ബാലുശ്ശേരി പോലീസിനെ വിവരമറിയിച്ചു. യുവതിയുടെ ഫോണ്‍നമ്പറും കൈമാറി. ഉടന്‍തന്നെ ബാലുശ്ശേരി പോലീസ് ഫോണ്‍നമ്പറിന്റെ ലൊക്കേഷന്‍ മനസിലാക്കി അങ്ങോട്ട് പുറപ്പെട്ടു. ഇതിനിടെ യുവതിയെ ഫോണില്‍ വിളിച്ച് ബന്ധപ്പെടാനും ശ്രമിച്ചു. ബാലുശ്ശേരി പോലീസ് യുവതിയുടെ ജീവന്‍ രക്ഷിച്ച സംഭവം കേരള പോലീസ് തങ്ങളുടെ ഔദ്യോഗിക ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു
