Tag
ന്യൂസ് ഡെസ്ക്

റാന്നിയിൽ വാതകശ്മശാനത്തിൽ ചിതയ്ക്ക് തീ കൊളുത്തുന്നതിനിടെ ആളി പടർന്ന് മൂന്നുപേർക്ക് പൊള്ളലേറ്റു

August 26, 2025 - 8:08 am

റാന്നി: വാതകശ്മശാനത്തിൽ ചിതയ്ക്ക് തീ കൊളുത്തുന്നതിനിടെ ആളിപ്പടർന്ന് മൂന്നുപേർക്ക് പൊള്ളലേറ്റു. ആരുടെയും പൊള്ളൽ ഗുരുതരമല്ല. ചിരട്ടയിൽ വെച്ചിരുന്ന കർപ്പൂരത്തിലേക്ക് തീ പകരുന്നതിനിടെ ആളിപ്പടരുകയായിരുന്നു. സമീപമുണ്ടായിരുന്നവർ ഓടി മാറിയതിനാൽ വലിയ അപകടം ഒഴിവായി. തീ പകരുന്നതിന് മുമ്പ് ഗ്യാസ് സിലിൻഡർ ഓൺ ചെയ്തതാണ് കാരണമെന്ന് കരുതുന്നു. പഴവങ്ങാടി പഞ്ചായത്തിന്റെ ചുമതലയിലുള്ള ജണ്ടായിക്കലിലെ വാതകശ്മശാനത്തിൽ ഓ​ഗസ്റ്റ് 25 തിങ്കളാഴ്ച പകൽ രണ്ടരയോടെയാണ് സംഭവം.

പൊള്ളലേറ്റവരെ റാന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

റാന്നി ബ്ലോക്കുപടി ഇളംപ്ലാശ്ശേരിയിൽ ജാനകിയമ്മയുടെ സംസ്‌കാരച്ചടങ്ങാണിവിടെ നടന്നത്. ഇവരുടെ കൊച്ചുമക്കളായ ജിജോമോൻ (41), രാജേഷ്‌കുമാർ (40), സുഹൃത്ത് പ്രദീപ് (40) എന്നിവർക്കാണ് പൊള്ളലേറ്റത്. ഇവരെ റാന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിതയ്ക്ക് തീ കൊളുത്തിയ ജിജോമോനാണ് കൂടുതൽ പൊള്ളലേറ്റത്. കർപ്പൂരത്തിലേക്ക് തീ പകരുന്നതിന് മുമ്പ് വാതകത്തിന്റെ ഗന്ധമുണ്ടായിരുന്നതായും സംശയം തോന്നിയതിനാൽ കുട്ടികളടക്കമുള്ളവരെ അവിടെനിന്ന് മാറ്റിയതായും ബന്ധുക്കൾ പറയുന്നു. റാന്നി പോലീസും റാന്നി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. പ്രകാശ്, ഗ്രാമപ്പഞ്ചായത്തംഗം സിന്ധു സഞ്ജയൻ എന്നിവരും വിവരമറിഞ്ഞ് താലൂക്ക് ആശുപത്രിയിലെത്തി.

സംഭവത്തിൽ അന്വെഷിച്ച് നടപടിയെടുക്കുമെന്ന് പ്രസിഡന്റ്

തിങ്കളാഴ്ച രാവിലെ രണ്ട് ജീവനക്കാരെ അയച്ച് സംസ്‌കാരത്തിനാവശ്യമായ ക്രമീകരണം ഒരുക്കുകയും പരിശോധന നടത്തുകയും ചെയ്തിരുന്നതായി പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് റൂബി കോശി പറഞ്ഞു. എന്താണ് സംഭവത്തിന് കാരണമെന്നന്വെഷിച്ച് നടപടിയെടുക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *