തിരുവനന്തപുരം | തദ്ദേശ സ്ഥാപനങ്ങളുടെ ഭരണ- വികസന നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിന് വിപുലമായ പ്രചാരണ പരിപാടികള്‍ക്ക് സർക്കാർ തുടക്കം കുറിക്കുന്നു. 2025 സെപ്തംബര്‍ 20 മുതല്‍ ഒക്ടോബര്‍ 20 വരെ ഒരു മാസക്കാലം രണ്ട് തരത്തിലുള്ള പ്രചാരണത്തിലൂടെയാണ് പരിപാടി സംഘടിപ്പിക്കുക. തദ്ദേശവകുപ്പിനാണ് പ്രചാരണ ഏകോപന ചുമതല.
എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഒരു ദിവസം വികസന സദസ്സ്
സംസ്ഥാനം ആര്‍ജിച്ച നേട്ടങ്ങളെകുറിച്ചുള്ള ബോധവത്കരണം, ഭാവി വികസനത്തിനായുള്ള പൊതുജനാഭിപ്രായ രൂപവത്കരണം എന്നിവയാണ് പ്രധാന ലക്ഷ്യം. വിവിധ മേഖലകളിലെ 500 ഓളം പേരെ പങ്കെടുപ്പിച്ച് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഒരു ദിവസം വികസന സദസ്സ് നടത്തും. സര്‍ക്കാറിന്‍റെ നേട്ടങ്ങളെ അവതരിപ്പിക്കുന്നതിനുള്ള റിസോഴ്സ് പേഴ്സണെ പി ആര്‍ ഡിയില്‍ നിന്ന് നല്‍കും. സംസ്ഥാനതല വീഡിയോയും ലഭ്യമാക്കും.
30 ഓളം വകുപ്പുകളെ പങ്കെടുപ്പിച്ച് വികസന സെമിനാര്‍ സംഘടിപ്പിക്കും.
തദ്ദേശ സ്ഥാപനങ്ങളിലെ നേട്ടം വിശദീരിക്കുന്ന സെഷനും ജനങ്ങളുടെ പ്രതികരണവും വികസന നിര്‍ദേശങ്ങളും സദസില്‍ സ്വീകരിക്കും. മുഖ്യമന്ത്രി, തദ്ദേശമന്ത്രി, ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാര്‍ എന്നിവരുടെ പ്രസംഗം വീഡിയോയിലൂടെ കാണിക്കും. വികസന സദസിന്‍റെ ഭാഗമായി എല്ലാ ജില്ലകളിലും 30 ഓളം വകുപ്പുകളെ പങ്കെടുപ്പിച്ച് വികസന സെമിനാര്‍ സംഘടിപ്പിക്കും. മന്ത്രിമാരെല്ലാം പങ്കെടുക്കും വിധമാണ് സെമിനാര്‍ ക്രമീകരിക്കുക. സംസ്ഥാന രൂപവത്കരണത്തിന്‍റെ 75 വര്‍ഷമാകുന്ന 2031ല്‍ നടപ്പാക്കേണ്ട വികസന കാഴ്ചപ്പാട് രൂപവത്കരണമാണ് സെമിനാറിലൂടെ ലക്ഷ്യമിടുന്നത്.
