ന്യൂഡൽഹി: ഈ വർഷം അവസാനത്തോടെ ‘മെയ്ഡ് ഇൻ ഇന്ത്യ’ സെമികണ്ടക്ടർ ചിപ്പുകൾ വിപണിയിൽ ലഭ്യമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.”21-ാം നൂറ്റാണ്ട് സാങ്കേതികവിദ്യയുടേതാണെന്ന വസ്തുത ആർക്കും നിഷേധിക്കാനാവില്ല. സാങ്കേതികവിദ്യയിൽ മികവ് പുലർത്തിയ രാജ്യങ്ങൾ വികസനത്തിന്റെ കൊടുമുടിയിലെത്തി. അവരുടെ സാമ്പത്തികശേഷി പുതിയ ഉയരങ്ങൾ കീഴടക്കുന്നു.
സ്വന്തമായി പ്ലാറ്റ്ഫോം വികസിപ്പിക്കാൻ രാജ്യത്തെ യുവത മുന്നോട്ടുവരണം
ഇന്ത്യ തദ്ദേശീയമായ സാങ്കേതികവിദ്യകൾ രൂപപ്പെടുത്തേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. സർഗ്ഗാത്മകത ആയാലും സാമൂഹികമാധ്യമങ്ങൾ ആയാലും, സ്വന്തമായി പ്ലാറ്റ്ഫോം വികസിപ്പിക്കാൻ രാജ്യത്തെ യുവത മുന്നോട്ടുവരണമെന്ന് അഭ്യർഥിച്ച അദ്ദേഹം എന്തിനാണ് മറ്റുള്ളവരെ ആശ്രയിക്കുന്നതെന്നും ഇന്ത്യയുടെ സമ്പത്ത് മറ്റു രാജ്യങ്ങളിലേക്ക് ഒഴുക്കുന്നതെന്തിനാണെന്നും ചോദിച്ചു
നാല് ചിപ്പ് പ്ലാന്റുകൾ ഉടൻ യാഥാർത്ഥ്യമാകും
ഇന്ത്യയിൽ 50-60 വർഷം മുൻപ്, സെമികണ്ടക്ടർ ഫാക്ടറി സ്ഥാപിക്കുന്നതിനെക്കുറിച്ചുള്ള ഫയലുകൾ നീങ്ങിത്തുടങ്ങിയിരുന്നു. എന്നാൽ ഇത് പാതിവഴിയിൽ മുടങ്ങിപ്പോയി. നമുക്ക് 50-60 വർഷം നഷ്ടമായി. എന്നാൽ ഈ സർക്കാർ ഒരു ദൗത്യമെന്ന നിലയിൽ സെമികണ്ടക്ടറുകളുമായി ബന്ധപ്പെട്ട പ്രവർത്തനം മുന്നോട്ട് കൊണ്ടുപോയി. ആറ് ചിപ്പ് പ്ലാന്റുകൾ വരാനിരിക്കുന്നു. അവയിൽ നാലെണ്ണം ഉടൻ യാഥാർത്ഥ്യമാകും. ഈ വർഷാവസാനത്തോടെ, ഇന്ത്യയിൽ നിർമ്മിച്ച ചിപ്പുകൾ ലഭ്യമാകും”. പ്രധാനമന്ത്രി പറഞ്ഞു.
