അബൂദബി | അബുദാബി മലയാളി സമാജത്തിന്റെ മുപ്പത്തി ഒന്‍പതാമത് സാഹിത്യ പുരസ്കാരത്തിന് (2024) പ്രശസ്ത കവിയും കഥാകൃത്തും ഗ്രന്ഥകാരനും കേരള സാംസ്കാരിക രംഗത്തെ ശ്രദ്ധേയ സാനിദ്ധ്യവുമായ ആലങ്കോട് ലീലാകൃഷ്ണനെ തിരഞ്ഞെടുത്തു. 50,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. കവി പ്രൊഫസ്സര്‍ വി മധുസുദനന്‍ നായര്‍ ജൂറി ചെയര്‍മാനും, കവിയും മുന്‍ ചീഫ് സെക്രട്ടറിയുമായ ഡോ വി പി ജോയ് ഐ എ എസ്സ്, മലയാള മഹാ നിഘണ്ടു എഡിറ്ററും കേരള കലാമണ്ഡലം ഡീന്‍ ഡോ പി വേണുഗോപാലന്‍ എന്നിവര്‍ അംഗങ്ങളുമായ കമ്മിറ്റിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.
അബുദാബിയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാരം സമ്മാനിക്കും
സെപ്റ്റംബറില്‍ അബുദാബിയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാരം സമ്മാനിക്കും. മലയാള കാവ്യ പാരമ്പര്യവും കേരളീയ പൈതൃകവും മാനുഷിക മൂല്യങ്ങളും കാലാനുകൂലം നവീകരിച്ച് നിലനിര്‍ത്തുന്നതില്‍ ആലങ്കോട് ലീലാകൃഷ്ണന് നടത്തുന്ന പ്രയത്നങ്ങളെ ആദരിച്ചു കൊണ്ടാണ് പുരസ്കാരം നിര്‍ണ്ണയിച്ചത് എന്ന് വിധികര്‍ത്താക്കാള്‍ പറഞ്ഞു.
