ഭാരതാംബയുടെ ചിത്രം മാറ്റാന്‍ സാധിക്കില്ലെന്ന നിലപാടിൽ രാജ്ഭവന്‍

തിരുവനന്തപുരം|ഭാരതാംബ ചിത്രവിവാദത്തിന് പിന്നാലെ നിലപാട് കടുപ്പിച്ച് രാജ്ഭവന്‍. ഭാരതാംബയുടെ ചിത്രം മാറ്റാന്‍ സാധിക്കില്ലെന്നും എല്ലാ ഉദ്ഘാടനത്തിനും ആ ചിത്രം അവിടെത്തന്നെ ഉണ്ടാകുമെന്നും ചിത്രത്തിന് മുന്നില്‍ വിളക്കുവെക്കുമെന്നുമാണ് രാജ്ഭവന്റെ നിലപാട്. ഇതോടെ സര്‍ക്കാരിന്റെ ഉദ്ഘാടന പരിപാടികളൊന്നും ഇവിടെ വച്ച് നടന്നേക്കില്ലെന്ന സൂചനകളാണ് നല്‍കുന്നത്. സത്യപ്രതിജ്ഞ മാത്രമാകും രാജ്ഭവനില്‍ നടക്കുക.

ചിത്രം വെക്കില്ലെന്ന് നേരത്തെ മന്ത്രിക്ക് ഉറപ്പ് ലഭിച്ചിരുന്നു.

ജൂൺ 19 ന് രാജ്ഭവനില്‍ സ്‌കൗട്ട് ആന്‍ഡ് ഗൈഡ്സ് പരിപാടിയില്‍ ഭാരതാംബയുടെ ചിത്രം വെച്ചതില്‍ പ്രതിഷേധിച്ച് മന്ത്രി വി ശിവന്‍കുട്ടി ഇറങ്ങിപ്പോയി. ചിത്രം വെക്കില്ലെന്ന് നേരത്തെ മന്ത്രിക്ക് ഉറപ്പ് ലഭിച്ചിരുന്നു. എന്നാല്‍ മന്ത്രി എത്തിയപ്പോള്‍ വേദിയില്‍ ഭാരതാംബയുടെ ചിത്രം ഉണ്ടായിരുന്നു. ഇതോടെ മന്ത്രി പരിപാടിയില്‍ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. രാജ്ഭവന്‍ തനി രാഷ്ട്രീയ കേന്ദ്രമാകുകയാണെന്നും കുട്ടികളെ അഭിസംബോധന ചെയ്ത ശേഷം താന്‍ പരിപാടി ബഹിഷ്‌കരിക്കുകയായിരുന്നെന്നും ശിവന്‍കുട്ടി പ്രതികരിച്ചിരുന്നു.

ശിവന്‍കുട്ടിയുടെ പ്രോട്ടോകോള്‍ ലംഘനത്തില്‍ രാജ്ഭവന്‍ കൂടുതല്‍ നടപടികളിലേക്കില്ല.

അതേസമയം ശിവന്‍കുട്ടിയുടെ പ്രോട്ടോകോള്‍ ലംഘനത്തില്‍ രാജ്ഭവന്‍ കൂടുതല്‍ നടപടികളിലേക്ക് കടക്കില്ല. മന്ത്രിക്കെതിരായ പ്രസ്താവനയില്‍ വിവാദം അവസാനിപ്പിക്കാനാണ് രാജ്ഭവന്റെ തീരുമാനം.

ഭാരതാംബ വിവാദത്തില്‍ നിയമപരമായ നടപടികളിലേക്ക് കടക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്. ഇത് സംബന്ധിച്ച് ലോ സെക്രട്ടറിയോട് നിയമോപദേശം തേടിയിട്ടുണ്ട്. ചീഫ് സെക്രട്ടറിയാണ് വിവാദത്തില്‍ സര്‍ക്കാരിന് എന്തൊക്കെ ചെയ്യാനാകുമെന്ന് ചോദിച്ചിരിക്കുന്നത്. രാജ്ഭവനിലെ പരിപാടിയില്‍ എന്തൊക്കെ ചിഹ്നങ്ങള്‍ വെക്കണമെന്ന പ്രോട്ടോക്കോള്‍ ഉണ്ടോ.മന്ത്രിസഭക്ക് ഇക്കാര്യത്തില്‍ ഉപദേശം നല്‍കാനാകുമോ എന്ന് വ്യക്തമാക്കണമെന്നാണ് നിര്‍ദേശം. മറുപടിക്കുശേഷം സര്‍ക്കാര്‍ തുടര്‍ നടപടികള്‍ സ്വീകരിക്കും..

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →