സ്റ്റോക്ഹോം: രണ്ടുവര്‍ഷത്തോളമായി തുടരുന്ന യുദ്ധത്തിനിടയിലും ഇസ്രയേലിന്റെ ആയുധ വ്യാപാരം കുതിച്ചുയര്‍ന്നതായി റിപ്പോര്‍ട്ട്. അതേസമയം, യുദ്ധം മൂലം ആയുധ വ്യാപാര ഭീമനായ റഷ്യയുടെ കച്ചവടം 92 ശതമാനവും ഇടിഞ്ഞതായും സ്റ്റോക്ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ( എസ്ഐപിആര്‍ഐ) റിപ്പോര്‍ട്ടില്‍ പറയുന്നു. 2024-ലെ കണക്കുകളാണ് റിപ്പോര്‍ട്ടിലുള്ളത്.
ഇസ്രയേല്‍ അവരുടെ ചരിത്രത്തിലേതന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കെയാണ് ആയുധ വ്യാപാരത്തിലെ ഈ വര്‍ധനവ്. റിപ്പോര്‍ട്ടിലെ കാലയളവില്‍ ഗാസയില്‍ ഹമാസുമായും പിന്നാലെ സിറിയ, ലെബനന്, യെമെന്‍ തുടങ്ങിയ രാജ്യങ്ങളിലെ സായുധ സംഘങ്ങളു മായും ഇസ്രയേല്‍ ഏറ്റുമുട്ടി. ഇറാനുമായി നേരിട്ട് മിസൈല്‍ ആക്രമണങ്ങളുമുണ്ടായി. എന്നിട്ടും ഇസ്രയേലിന്റെ ആയുധ കച്ചവടത്തില്‍ കുറവ് വന്നില്ല.
1400 കോടി ഡോളറിന്റെ ആയുധ കച്ചവടമാണ് 2024-ല്‍ നടത്തിയത്
.2024-ല്‍ 1400 കോടി ഡോളറിന്റെ ആയുധ കച്ചവടമാണ് ഇസ്രയേല്‍ നടത്തിയത്. 2023-ലെ 1300 കോടി ഡോളറില്‍ നിന്നാണ് ഈ വര്‍ധന. ഒറ്റവര്‍ഷം കൊണ്ട് യുദ്ധകാലത്ത് 13 ശതമാനമാണ് ഇസ്രയേലിന്റെ ആയുധവ്യാപാരം വര്‍ധിച്ചത്. ഗാസയിലെ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് ആഗോള തലത്തില്‍ ഇസ്രയേലിനെതിരെ എതിര്‍പ്പ് ശക്തമായിരിക്കുന്ന സമയവുമായിരുന്നു ഇത്.
ഇസ്രയേലിന്റെ ആയുധ വില്‍പ്പനയില്‍ 54 ശതമാനവും യൂറോപ്യന്‍ രാജ്യങ്ങളുമായി
2024-ല്‍ ഇസ്രയേലില്‍നിന്ന് ഏറ്റവുമധികം ആയുധങ്ങള്‍ വാങ്ങിയത് യൂറോപ്യന്‍ രാജ്യങ്ങളാണ്. ഇസ്രയേലിന്റെ ആയുധ വില്‍പ്പനയില്‍ 54 ശതമാനവും യൂറോപ്യന്‍ രാജ്യങ്ങളുമായാണ്. 2023-ല്‍ ഇത് 35 ശതമാനമായിരുന്നു. ഗാസയിലെ സൈനിക നടപടിക്കെതിരെ ഇസ്രയേലിനെതിരെ യൂറോപ്യന്‍ രാജ്യങ്ങള്‍ വിമര്‍ശിക്കുമ്പോള്‍ തന്നെയാണ് അവര്‍ അതേ രാജ്യത്തിന്റെ പക്കല്‍നിന്നും ആയുധങ്ങൾ വാങ്ങിയത്.
