കോലഞ്ചേരി : ലെബനോനിലെ ബെയ്റൂട്ടിൽ നിന്ന് നവാഭിഷിക്തനായി തിരികെയെത്തിയ യാക്കോബായ സഭയുടെ ബസേലിയോസ് ജോസഫ് പ്രഥമൻ കാതോലിക്ക ബാവയ്ക്ക് വിശ്വാസികൾ ഉജ്ജ്വല സ്വീകരണം നൽകി. ബാവ ചാർട്ടേഡ് വിമാനത്തിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയതോടെ സ്വീകരണ ചടങ്ങുകൾ ആരംഭിച്ചു. തുടർന്ന്, അകമ്പടിയോടെയുള്ള വാഹനപ്രയാണം വഴി അദ്ദേഹം സഭാ ആസ്ഥാനമായ പുത്തൻകുരിശ് പാത്രിയാർക്കാ സെന്ററിലെത്തിയപ്പോൾ വിശ്വാസികൾ ഭക്തിപൂർവം അദ്ദേഹത്തെ വരവേറ്റു
അനുമോദന സമ്മേളനം കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്തു.
വിമാനത്താവളത്തിൽ നിന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ പുത്തൻകുരിശ് പാത്രിയാർക്കാ സെന്ററിൽ എത്തിയ ബാവയെ മെത്രാപ്പൊലീത്തമാരും സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങളും വൈദികരും വിശ്വാസികളും ചേർന്ന് ഔദ്യോഗികമായി സ്വീകരിച്ചു. സെന്റ് അത്തനേഷ്യസ് കത്തീഡ്രലിലെ ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ കബറില്‍ പ്രാർത്ഥനയ്ക്ക് ശേഷം നടന്ന സ്ഥാനാരോഹണ ശുശ്രൂഷയ്ക്ക് പാത്രിയാർക്കീസ് ബാവയുടെ പ്രതിനിധികളായെത്തിയ ബെയ്റൂട്ട് ആർച്ച് ബിഷപ്പ് ഡാനിയേല്‍ ക്ലീമീസ്, ഹോംസ് ആർച്ച് ബിഷപ്പ് തിമോത്തിയോസ് റാത്ത അല്‍ഖുറി എന്നിവരും സഭയിലെ മെത്രപ്പൊലീത്തമാരും നേതൃത്വം നല്‍കി. തുടർന്ന് അനുമോദന സമ്മേളനം കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്തു.
മാത്യൂസ് മാർ ഈവാനിയോസ് മെത്രാപ്പൊലീത്ത അദ്ധ്യക്ഷനായി. മന്ത്രി പി. രാജീവ് മുഖ്യ പ്രഭാഷണം നടത്തി, പ്രൊഫ. കെ.വി. തോമസ്, സഭവൈദിക ട്രസ്റ്റി റോയി കട്ടച്ചിറ, ട്രസ്റ്റി തമ്ബു ജോർജ് തുകലൻ, സെക്രട്ടറി ജേക്കബ് സി. മാത്യു, പി.വി. ശ്രീനിജിൻ എം.എല്‍.എ, ബസേലിയോസ് ക്ളീമിസ് കാതോലിക്ക ബാവ, ബെന്നി ബഹനാൻ എം.പി എന്നിവർ സംസാരിച്ചു.