കോതമംഗലം : ഇന്നലെ (മാർച്ച് 30) പുലർച്ചെകോതമംഗലം കുട്ടമ്പുഴ പഞ്ചായത്തിലെ മാമലക്കണ്ടത്ത് കാട്ടാനക്കൂട്ടം രണ്ട് വീടുകള്‍ തകർത്തു. താലിപ്പാറ മാവിൻചുവട് കോട്ടയ്‌ക്കകത്ത് ഡെനീഷ് ജോസഫിന്റെയും പരുന്തുംപ്ലാക്കല്‍ റോസമ്മയുടെയും വീടുകളാണ് തകർന്നത്.
കോതമംഗലം താലൂക്കിലെ കുട്ടമ്പുഴ പഞ്ചായത്തിലെ 10, 11-ാം വാർഡുകളിലുള്‍പ്പെടുന്ന മാമലക്കണ്ടത്തിലാണ് സംഭവം. പൂയംകുട്ടി, നേര്യമംഗലം വനങ്ങളാലാണ് ഈ പ്രദേശം ചുറ്റപ്പെട്ടിരിക്കുന്നത്. ഇവ കാട്ടാനകളുടെ പ്രധാന വിഹാരകേന്ദ്രങ്ങളാണ്. വനത്തിലെ ആനകൾ സ്ഥിരമായി ജനവാസ മേഖലകളിൽ കടന്നുവരുകയും നാശനഷ്ടം ഉണ്ടാക്കുകയും ചെയ്യുന്നു.
ഡാനിഷ് ടെറസിന് മുകളിൽ കയറി രക്ഷപ്പെട്ടു.
.ആനകൾ നേരിട്ട് ഡെനീഷ് ജോസഫിന്റെ വീടിനകത്തേക്ക് കയറി ഭിത്തിയും വാതിലും ജനലും പാത്രങ്ങളുമെല്ലാം തകർത്തു. അതിനുശേഷം ആനകൾ മടങ്ങി. അപകടം നേരിട്ട ഡാനിഷ് ടെറസിന് മുകളിൽ കയറി രക്ഷപ്പെട്ടു. വീട്ടിൽ മറ്റാരുമുണ്ടായിരുന്നില്ല. ആനകളുടെ സാന്നിധ്യം കണ്ടതിനെ തുടർന്ന് അദ്ദേഹത്തിന്റെ പിതാവ് ജോസഫിനെ നേരത്തെ തന്നെ സുരക്ഷിതമായ മറ്റൊരു വീട്ടിലേക്ക് മാറ്റിയിരുന്നു.
തേനീച്ചക്കൂട്ടം ആക്രമിച്ചതിനൊടുവിലാണ് ആനകൾ തിരികെ പോയത്.
റോസമ്മയുടെ വീടിന്റെ ഭിത്തിയും ആനകൾ തകർത്തു. എന്നാൽ അവിടെയും ആൾത്താമസമുണ്ടായിരുന്നില്ല. അവിവാഹിതയുമായ രോഗിയായ റോസമ്മ, കാട്ടാന ശല്യത്തെ തുടർന്ന് സഹോദരന്റെ വീട്ടിലായിരുന്നു താമസം. താൻ കഴിയുന്ന വീട്ടിന്റെ ഒരു ഭാഗത്തുണ്ടായിരുന്ന തേനീച്ചക്കൂട്ടം ആക്രമിച്ചതിനൊടുവിലാണ് ആനകൾ തിരികെ പോയത്.
ആനകളുടെ ആക്രമണം ഈ പ്രദേശത്ത് പതിവാണ്.
ഇത് ആദ്യമായല്ല ഈ പ്രദേശത്ത് ആന ശല്യം. നാല് മാസങ്ങൾക്ക് മുമ്പും ഡാനിഷിന്റെ വീട് കാട്ടാനകൾ തകർത്തിരുന്നു. അറ്റകുറ്റപ്പണി നടത്തിയതിനു പിന്നാലെയാണ് വീട് വീണ്ടും തകർന്നത്. ആനകളുടെ ആക്രമണം ഈ പ്രദേശത്ത് പതിവാണ്. കൃഷി നശിപ്പിക്കുന്നതിനു പുറമെ, വീടുകൾക്ക് നേരെയും ആനകൾ ആക്രമണം നടത്തുന്നു. പലപ്പോഴും മനുഷ്യർക്കും വളർത്തുമൃഗങ്ങൾക്കും ജീവൻ നഷ്ടമായിട്ടുണ്ട്. പകൽപ്പോലും റോഡിലും പറമ്പിലുമെല്ലാം ആനകളെ കാണാൻ കഴിയുന്നുണ്ട്. ഫെൻസിംഗ് പ്രയോജനപ്പെടുത്തുന്നില്ല. ആനപ്പേടിയാൽ നിരവധി വീട്ടുകാർ സുരക്ഷിത ഇടങ്ങളിലേക്ക് മാറി താമസിച്ചു തുടങ്ങി. എന്നാൽ വീടുകളും കൃഷിയിടങ്ങളും ഉപേക്ഷിക്കാനാകാത്തവരാണ് ഇപ്പോഴും ഇവിടെ തുടരുന്നത്.
ശാശ്വത പരിഹാരം ഉണ്ടാവണം
.മാമലക്കണ്ടത്ത് നൂറുകണക്കിന് വീടുകളും കൃഷിയിടങ്ങളും ഉള്ളതായിട്ടും, ഏതാനും ആളുകൾക്കേ ഭൂമിയുടെ പട്ടയം ലഭിച്ചിട്ടുള്ളൂ. ഇതു കാരണം കാട്ടാന ശല്യത്താൽ സംഭവിക്കുന്ന നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം ലഭിക്കാത്ത അവസ്ഥയാണുള്ളത്.ഈ പ്രശ്നത്തിന് സ്ഥിരമായ ഒരു പരിഹാരം ആവശ്യമാണ്. പട്ടയം ഉള്ളവർക്കു മാത്രമല്ല, എല്ലാവർക്കും നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും, കാട്ടാന ശല്യത്തിനെതിരെ ശക്തമായ നടപടികൾ വേണമെന്നും ഗ്രാമ പഞ്ചായത്ത് അംഗമായ സൽമൻ പരീത് ആവശ്യപ്പെട്ടു.
