ഡൽഹി : ജമ്മു-കശ്മീരിനെ കുറിച്ചുള്ള വ്യാജപ്രചാരണം നടത്തുന്നതിനുപകരം, പാകിസ്താൻ ബലപ്രയോഗത്തിലൂടെ കൈവശം വച്ചിരിക്കുന്ന ഇന്ത്യൻ പ്രദേശം ഒഴിയണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.ജമ്മു-കശ്മീരിനെ കുറിച്ചുള്ള പാകിസ്താന്റെ പ്രസ്താവനകളോട് പ്രതികരിച്ചുകൊണ്ടാണ് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ ഈ വിശദീകരണം നൽകിയത്.
പാക് ഭൂമിയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിൽ ഇന്ത്യക്കും പങ്കുണ്ടെന്നും പാകിസ്താൻ ആരോപണവും ഉന്നയിച്ചു.
ഭാരത പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പോഡ്കാസ്റ്റ് അഭിമുഖത്തിൽ, പാകിസ്ഥാനുമായി സമാധാനം സ്ഥാപിക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതായി പരാമർശിച്ചിരുന്നു. ഇതിന് മറുപടിയായാണ് പാക് വിദേശകാര്യ മന്ത്രാലയം ഒരു പ്രസ്താവന ഇറക്കിയത്. ഐക്യരാഷ്ട്ര സഭയ്ക്കും പാകിസ്ഥാനുമുള്ള ഉറപ്പുകൾ അവഗണിച്ച്, ഇന്ത്യ ഏഴ് പതിറ്റാണ്ടുകളായി പരിഹരിക്കപ്പെടാത്ത ജമ്മു-കശ്മീർ തർക്കം സൗകര്യപൂർവ്വം ഒഴിവാക്കുകയാണെന്ന് പാകിസ്ഥാൻ ആരോപിച്ചു. അതോടൊപ്പം, പാക് ഭൂമിയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിൽ ഇന്ത്യക്കും പങ്കുണ്ടെന്ന ആരോപണവും ഉന്നയിച്ചു.
പാകിസ്താന്റെ ആരോപണങ്ങൾ തള്ളി ഇന്ത്യ
ഇന്ത്യ പാകിസ്താന്റെ ഈ ആരോപണങ്ങൾ തള്ളി, അതിർത്തി കടന്നുള്ള ഭീകരാക്രമണങ്ങളെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുകയും ധനസഹായം നൽകുകയും ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടി. ലോകമെങ്ങുമുള്ളവർക്ക് ഇത് യഥാർത്ഥ പ്രശ്‌നമാണെന്ന് വ്യക്തമായിട്ടുണ്ടെന്നും ഭീകരവാദം തന്നെയാണ് മേഖലയിലെ സമാധാനത്തിനും സുരക്ഷയ്ക്കും ഏറ്റവും വലിയ ഭീഷണിയെന്നും ഇന്ത്യ വിശദീകരിച്ചു