നെല്ലിയാമ്പതി : പുലയമ്പാറയിൽ ഒരു വീട്ടുമുറ്റത്തിലെ കിണറ്റിൽ പുലി വീണു. ഏഴു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് വനപാലകർ പുലിയെ സുരക്ഷിതമായി പുറത്തെത്തിച്ചത്. പുലയമ്പാറയിൽ ജോസിന്റെ വീട്ടിലെ കിണറ്റിലായിരുന്നു സംഭവം. ഫെബ്രുവരി 19 ബുധനാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു കിണറ്റിൽ പുലിയെ കണ്ടത്. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ജോസിന്റെ മകൾ കിണറ്റിൽ നിന്നു വെള്ളം പമ്പ് ചെയ്യാൻ മോട്ടോർ പ്രവർത്തിപ്പിച്ചെങ്കിലും വെള്ളം വരാത്തതിനെത്തുടർന്ന് കിണറ്റിൽ നോക്കിയപ്പോഴാണ് പുലിയെ കണ്ടത്. ഉടൻ വനപാലകരെ വിവരമറിയിച്ചു.
കിണറ്റിലേക്കു കൂട് ഇറക്കിയാണ് രാത്രി 12.20-ഓടെ പുലിയെ പുറത്തെത്തിച്ചത്.
കിണറിൽ വെള്ളം ഉണ്ടായിരുന്നതിനാൽ പുലിക്കു പിടിച്ചുനിൽക്കാൻ ഏണി വെച്ചുകൊടുക്കാൻ ശ്രമിച്ചെങ്കിലും കിണറ്റിന്റെ താഴ്ച കൂടുതലായതിനാൽ ഈ ശ്രമം വിജയിച്ചില്ല. തുടർന്ന് വനപാലകരുടെ നേതൃത്വത്തിൽ ടയറിൽ കയർ കെട്ടി കിണറ്റിലിറക്കി. ഇതിൽ പുലി പിടിച്ചുനിന്നു.തൃശ്ശൂരിൽ നിന്നുള്ള വൈറ്ററിനറി സർജൻ ഡോ. ഡേവിഡ് എബ്രഹാമിനെ സ്ഥലത്ത് എത്തിച്ചു. മയക്കുവെടി വെയ്ക്കാനാവാത്തതിനാൽ കിണറ്റിലേക്കു കൂട് ഇറക്കിയാണ് രാത്രി 12.20-ഓടെ പുലിയെ പുറത്തെത്തിച്ചത്. പിന്നീട് പുലിയെ കൈകാട്ടിയിലെ സെക്ഷൻ ഓഫീസിലേക്ക് മാറ്റി. ഡോ. ഡേവിഡ് എബ്രഹാം നടത്തിയ പരിശോധനയിൽ പുലിക്ക് ആരോഗ്യപ്രശ്നങ്ങളില്ലെന്ന് സ്ഥിരീകരിച്ചു.
.
പുലിയെ നെല്ലിയാമ്പതി വനമേഖലയ്ക്കു പുറത്തു കൊണ്ടുവിടണമെന്ന് ആവശ്യം
.
..
പുലിയെ കൂടുപയോഗിച്ച് പുറത്തെത്തിച്ചെങ്കിലും നെല്ലിയാമ്പതി വനമേഖലയ്ക്കു പുറത്തു കൊണ്ടുവിടണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ സ്ഥലത്ത് ഏറെനേരം പ്രതിഷേധിച്ചു. നെല്ലിയാമ്പതി വനമേഖലയ്ക്ക് താഴെനിന്ന് പിടികൂടുന്ന വന്യജീവികളെ ഇവിടെ കൊണ്ടുവരുന്നതാണ് ജനവാസമേഖലയിൽ എത്താൻ കാരണമെന്നാണ് ഇവരുടെ ആരോപണം. രാത്രി പതിനൊന്നരയോടെ കെ. ബാബു എം.എൽ.എ. സ്ഥലത്തെത്തി പ്രദേശവാസികളുമായി സംസാരിച്ചു.

