വയനാട്: മാനന്തവാടി പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയുടെ പോസ്റ്റ് മോർട്ടം നടപടികള്‍ പൂർത്തിയായി. രാധയെ കൊന്ന അതേ കടുവ തന്നെയാണിതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. പോസ്റ്റ് മോർട്ടത്തില്‍ കടുവയുടെ വയറ്റില്‍ നിന്ന് കൊല്ലപ്പെട്ട രാധയുടെ വസ്ത്രം, കമ്മല്‍, മുടി എന്നിവ കണ്ടെത്തിയിട്ടുണ്ട്. ജനുവരി 27 തിങ്കളാഴ്ച പുലർച്ചെ 2.30 ഓടെയാണ് കടുവയെ വനത്തോടുളള ചേർന്നുളള വീടിനു സമീപത്തായി ചത്ത നിലയില്‍ കണ്ടെത്തിയത്.
ഉള്‍വനത്തില്‍ വച്ച് മറ്റൊരു കടുവയുമായി ഏറ്റുമുട്ടിയപ്പോള്‍ ഉണ്ടായ മുറിവെന്നാണ് നിഗമനം
.മരണകാരണം കടുവയുടെ കഴുത്തിലുണ്ടായ മുറിവെന്നാണ് പോസ്റ്റ് മോർട്ടത്തിലെ പ്രാഥമിക നിഗമനം. കടുവയുടെ കഴുത്തില്‍ ഏറ്റുമുട്ടലില്‍ സംഭവിച്ച നാല് മുറിവുകള്‍ ഉണ്ടായിരുന്നു. ഉള്‍വനത്തില്‍ വച്ച് മറ്റൊരു കടുവയുമായി ഏറ്റുമുട്ടിയപ്പോള്‍ ഉണ്ടായ മുറിവെന്നാണ് നിഗമനം. ഞായറാഴ്ചയുണ്ടായ ഏറ്റമുട്ടലിലാണ് കടുവയ്ക്ക് പരുക്കേറ്റത്. ഈ മുറിവുകള്‍ മരണകാരണമായെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാർഡൻ പ്രമോദ് ജി കൃഷ്ണൻ പറഞ്ഞു. മുറിവിനൊപ്പം കടുവയുടെ നട്ടെല്ലും തകർന്നിട്ടുണ്ട്.
പല രോഗങ്ങളുമുണ്ടെന്ന് കണ്ടെത്തി
ആന്തരിക അവയവങ്ങളിലെ പരിശോധനയില്‍ പല രോഗങ്ങളുമുണ്ടെന്ന് കണ്ടെത്തി. ഞായറാഴ്ച ആര്‍ആര്‍ടി സംഘത്തെ ആക്രമിച്ചശേഷം കടുവ കാടുകയറി. അവിടെവച്ച് മറ്റൊരു കടുവയുമായി ഏറ്റുമുട്ടിയെന്ന് പ്രമോദ് കൃഷ്ണന്‍ പറഞ്ഞു.
