ഒരു സ്ത്രീയെ കടുവ കൊന്ന സംഭവത്തില്‍ ജനത മുഴുവൻ വിറങ്ങലിച്ച്‌ നില്‍ക്കുമ്പോള്‍ പാട്ടുംപാടി മന്ത്രി

കോഴിക്കോട് : ഒരു ഭാഗത്ത് കടുവ, മറ്റൊരു ഭാഗത്ത് ആന. ഈ സമയത്ത് ഒരു നയം രൂപീകരിക്കാൻ പോലും സർക്കാറിന് കഴിയുന്നില്ല. എന്നിട്ടും പാട്ടു പാടുകയാണ് മന്ത്രി. റോമാ സാമ്രാജ്യം കത്തിയെരിഞ്ഞപ്പോള്‍ വീണ വായിച്ചുവെന്ന് കേട്ടിട്ടുണ്ട്. അത് കേരളത്തില്‍ നടപ്പാക്കിയത് വനം മന്ത്രി എ.കെ ശശീന്ദ്രനാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരൻ. ആദിവാസി സ്ത്രീയെ കടുവ കൊന്ന സംഭവത്തില്‍ ഒരു ജനത മുഴുവൻ വിറങ്ങലിച്ച്‌ നില്‍ക്കുമ്പോള്‍ എങ്ങനെ മന്ത്രിക്ക് പാട്ടുപാടാൻ കഴിഞ്ഞു എന്നാണ് അദ്ഭുതപ്പെടുന്നതെന്നും മുരളീധരൻ പറഞ്ഞു

മന്ത്രി കേരളത്തോട് മാപ്പു ചോദിക്കണം.

അവിടെ ആദിവാസികളെല്ലാം ഭയപ്പെട്ടിരിക്കുകയാണ്. ഇത് ജനത്തെ അവഹേളിക്കുകയാണ്. അതിനാല്‍, മന്ത്രി മാപ്പു പറയണം. അല്ലെങ്കില്‍ അദ്ദേഹത്തെ മന്ത്രിസഭയില്‍നിന്ന് നീക്കാൻ മുഖ്യമന്ത്രി തയാറാകണം. അദ്ദേഹത്തിന്‍റെ പാർട്ടിക്ക് പോലും അദ്ദേഹത്തെ വേണ്ട.-മുരളീധരൻ വിമർശിച്ചു.

ഫ്രീഡം ഫാഷന്‍ ഫ്യൂഷന്‍ മെഗാ മ്യൂസിക്കല്‍ പ്രോഗാം ഉദ്ഘാടനം ചെയ്താണ് മന്ത്രി പാട്ടുപാടിയത്.

വയനാട് മാനന്തവാടി പഞ്ചാരക്കൊല്ലയില്‍ സ്ത്രീയെ കടുവ കൊന്ന് ശരീഭാഗങ്ങള്‍ തിന്ന സംഭവത്തില്‍ നാടാകെ ഭീതിയിലായിരിക്കെയാണ് കോഴിക്കോട് നടന്ന ഫാഷൻ ഷോയില്‍ വനം മന്ത്രി പങ്കെടുത്ത് പാട്ടു പാടിയത്. കോഴിക്കോട് ഇന്‍ഡോർ സ്റ്റേഡിയം ഹാളില്‍ നടന്‍ ഇടവേള ബാബു സംവിധാനം ചെയ്യുന്ന ഫ്രീഡം ഫാഷന്‍ ഫ്യൂഷന്‍ മെഗാ മ്യൂസിക്കല്‍ പ്രോഗാം ഉദ്ഘാടനം ചെയ്താണ് മന്ത്രി പാട്ടുപാടിയത്. ഇതിനെതിരെ കടുത്ത വിമർശനമാണ് ഉയർന്നത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →