മഹാകുംഭനഗർ (ഉത്തർപ്രദേശ്): മഹാകുംഭ മേളയ്ക്ക് ഉത്തർപ്രദേശിലെ പ്രയാഗ്‌രാജില്‍ തുടക്കമായി.പന്ത്രണ്ടു വർഷത്തിലൊരിക്കലാണ് കുംബമേള നടക്കുന്നത്. 45 ദിവസം നീളുന്ന കുംഭമേളയില്‍ പാപപരിഹാരവും മോക്ഷവും തേടി 40 കോടിയിലേറെ ആളുകള്‍ പങ്കെടുക്കുമെന്നാണു പ്രതീക്ഷ. ഗംഗ, യമുന നദികളുടെയും പുരാണത്തിലെ സരസ്വതി നദിയുടെയും സംഗമഭൂമിയായ മഹാകുംഭനഗറില്‍ നടന്ന പൗഷ് പൂർണിമ സ്നാനത്തില്‍ ജനുവരി 13 രാവിലെ 9.30 വരെ 60 ലക്ഷം പങ്കെടുത്തുവെന്ന് യുപി സർക്കാർ അറിയിച്ചു.
ഭക്തർ സ്നാനത്തിനായി ത്രിവേണീ സംഗമത്തിലേക്ക് നീങ്ങുന്നു
കനത്ത മഞ്ഞിനെയും കൊടുംതണുപ്പിനെയും അവഗണിച്ച് ജയ് ശ്രീറാം, ഹർ ഹർ മഹാദേവ, ജയ് ഗംഗാ മയ്യാ തുടങ്ങിയ പ്രാർഥനകളോടെ സംഘം ചേർന്നാണ് ഭക്തർ സ്നാനത്തിനായി ത്രിവേണീ സംഗമത്തിലേക്ക് നീങ്ങുന്നത്. മകരസംക്രാന്തി ദിനമായ ഇന്ന് മൂന്നു കോടി പേർ എത്തുമെന്നാണു കണക്കാക്കുന്നത്. വിവിധ വിഭാഗങ്ങളിലായി 13 അഘോരകളിലെ സന്യാസിമാരാണ് മേളയിലെ മറ്റൊരു ശ്രദ്ധാകേന്ദ്രം.
മുപ്പതിനായിരത്തിലധികം പോലീസുകാരെയാണു സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്
പ്രയാഗ്‌രാജിലെ പതിനായിരത്തിലധം ഏക്കർ വിസ്തൃതിയിലുള്ള മഹാകുംഭനഗറില്‍ കനത്ത സുരക്ഷയിലാണു ചടങ്ങുകള്‍. മുപ്പതിനായിരത്തിലധികം പോലീസുകാരെയാണു സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്. ഇതിനു പുറമേ എന്‍ഡിആര്‍എഫും കേന്ദ്രസേനയും സ്ഥലത്ത് ക്യാമ്ബ് ചെയ്യുന്നുണ്ട്. ആയിരക്കണക്കിന് എഐ ക്യാമറകളും വെള്ളത്തിനടിയില്‍ പരിശോധന നടത്താന്‍ ഡ്രോണുകളുമുള്‍പ്പടെ അത്യാധുനിക സുരക്ഷാ സംവിധാനങ്ങളും ഇതിനു പുറമേ സജ്ജമാക്കിയിട്ടുണ്ട്.