തിരുവനന്തപുരം: ക്രിസ്മസ്- ന്യൂഇയർ അവധി പ്രമാണിച്ച് എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് സ്‌പെഷ്യല്‍ മെമു സർവീസ് പ്രഖ്യാപിച്ച് ഇന്ത്യൻ റെയില്‍വെ..എറണാകുളം ജംഗ്ഷനില്‍ നിന്ന് തിരുവനന്തപുരം നോർത്തിലേക്കും (കൊച്ചുവേളി) തിരിച്ചും 12 കോച്ചുകളുള്ള മെമു സർവീസാണ് റെയില്‍വെ പ്രഖ്യാപിച്ചത്. ഡിസംബർ 30,31 ജനുവരി ഒന്ന് എന്നീ തീയതികളില്‍ മാത്രമാണ് സർവീസ്.
06065/06066 എന്നിങ്ങനെയാണ് ട്രെയിൻ നമ്പരുകള്‍.
രാവിലെ 9.10ന് എറണാകുളം ജംഗ്ഷനില്‍ നിന്ന് ആരംഭിക്കുന്ന സർവീസ് കോട്ടയം, കൊല്ലം വഴി ഉച്ചയ്ക്ക് 12.45ന് തിരുവനന്തപുരം നോർത്തില്‍ എത്തും. മടക്ക യാത്ര 12.55ന് തിരുവനന്തപുരം നോർത്ത് സ്‌റ്റേഷനില്‍ നിന്ന് കൊല്ലം കോട്ടയം വഴി വൈകിട്ട് 4.35ന് എറണാകുളം ജംഗ്ഷനില്‍ എത്തും.
കേരളത്തിന് പത്ത് സ്‌പെഷ്യല്‍ സർവീസുകള്‍ .
ക്രിസ്മസ് കാലത്തെ യാത്രാദുരിതം പരിഹരിക്കാൻ റെയില്‍വെ കേരളത്തിന് പത്ത് സ്‌പെഷ്യല്‍ സർവീസുകള്‍ പ്രഖ്യാപിച്ചിരുന്നു. ഇതോടൊപ്പം പല സോണുകളിലായി 149 ട്രിപ്പുകളും അനുവദിച്ചിരുന്നു. കേന്ദ്ര സഹമന്ത്രി ജോർജ് കുര്യന്റെ ആവശ്യപ്രകാരം റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവാണ് കേരളത്തിലേക്കുള്ള പ്രത്യേക തീവണ്ടികള്‍ക്ക് അനുമതി നല്‍കിയത്
