കല്‍പ്പറ്റ: ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി തയാറാക്കിയ പട്ടികയെ ചൊല്ലി വിവാദം ഉയരുന്നതിനിടെ പ്രതികരണവുമായി റവന്യു മന്ത്രി കെ. രാജൻ. നിലവില്‍ പുറത്തിറക്കിയത് കരടു പട്ടിക മാത്രമാണെന്ന് മന്ത്രി വ്യക്തമാക്കി.15 ദിവസത്തിനകം ആക്ഷേപങ്ങള്‍ അറിയിക്കാം. കരടില്‍ ആക്ഷേപങ്ങളും അഭിപ്രായങ്ങളും പൂർണമായി കേള്‍ക്കും. ദുരന്തത്തില്‍പ്പെട്ട ഒരാളെ പോലും ഒഴിവാക്കില്ലെന്നും മന്ത്രി വിശദീകരിച്ചു. അടുത്തയാഴ്ച തന്നെ രണ്ടാംഘട്ടത്തിന്‍റെ മാർക്ക് ചെയ്യല്‍ നടക്കും. അതിവേഗത്തില്‍ കാര്യങ്ങള്‍ നടപ്പാക്കും. കരട് ലിസ്റ്റില്‍ പേരുകള്‍ ആവർത്തിക്കുന്നത് സ്വാഭാവികമായ കാര്യമാണെന്നും മന്ത്രി പറഞ്ഞു.
അർഹത മാത്രമേ മാനദണ്ഡമാകുകയുള്ളൂ
എല്ലാവരെയും ഉള്‍പ്പെടുത്തലാണ് സർക്കാരിന്‍റെ ലക്ഷ്യം. ആർക്കും ആശങ്ക വേണ്ട. അർഹത മാത്രമേ മാനദണ്ഡമാകുകയുള്ളൂ. രണ്ടു ഘട്ടത്തിലാണ് പട്ടിക നടപ്പാക്കുന്നത്. ഒന്നാംഘട്ടവും രണ്ടാംഘട്ടവും രണ്ട് കാറ്റഗറിയാണ്. ഒന്ന് ദുരന്തത്തില്‍ വീട് പൂർണമായി നഷ്ടപ്പെട്ടവർ. രണ്ട് വീട് നഷ്ടപ്പെട്ടില്ലെങ്കിലും ദുരന്തം ഉണ്ടായതുകൊണ്ട് അങ്ങോട്ട് പോകാൻ കഴിയാത്തവർ. പഞ്ചായത്തിന്‍റെയും റവന്യൂവിന്‍റെയും പട്ടിക ചേർത്താണ് കരടു പട്ടിക പുറത്തിറക്കിയതെന്നും അദ്ദേഹം അറിയിച്ചു.
ഒരു വാര്‍ഡില്‍ മാത്രം 70 ഡബിള്‍ എന്‍ട്രിയാണ് വന്നിരിക്കുന്നത്
അതേസമയം മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ പുനരധിവാസത്തിനായുള്ള ടൗണ്‍ഷിപ്പില്‍ ഗുണഭോക്താക്കളുടെ ആദ്യ കരട് പട്ടികയില്‍ പാകപ്പിഴയെന്ന് ചൂണ്ടികാട്ടി ഇന്ന് (21.12.2024) പ്രതിഷേധം നടന്നിരുന്നു. മേപ്പാടി ഗ്രാമപഞ്ചായത്ത് ഓഫീസിലാണ് പ്രതിഷേധം. ജനകീയ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുണ്ടക്കൈ 11-ാം വാര്‍ഡിലെ ദുരന്തബാധിതരാണ് പ്രതിഷേധവുമായി എത്തിയത്. തങ്ങളുടെ പേര് പട്ടികയില്‍ ഉള്‍പ്പെടാത്തതും ചിലരുടെ പേര് ഒന്നില്‍ കുടുതല്‍ തവണ ആവര്‍ത്തിച്ചതും ചൂണ്ടികാട്ടിയാണ് പ്രതിഷേധം. ഒരു വാര്‍ഡില്‍ മാത്രം 70 ഡബിള്‍ എന്‍ട്രിയാണ് വന്നിരിക്കുന്നതെന്നും പ്രതിഷേധക്കാര്‍ പറയുന്നു