ശബരിമല : തീർത്ഥാടകർക്ക് തടസ്സം ഉണ്ടാകുന്ന തരത്തില്‍ നടൻ ദിലീപും സംഘവും ദർശനം നടത്തിയ സംഭവത്തില്‍ നാല് ദേവസ്വം ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, അസിസ്റ്റൻറ് എക്സിക്യൂട്ടീവ് ഓഫീസർ, രണ്ട് ദേവസ്വം ഗാർഡ്മാർ എന്നിവർക്കാണ് ദേവസ്വം ബോർഡ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.
സംഭവത്തില്‍ നടപടി വേണമെന്ന് ഹൈക്കോടതി നിർദ്ദേശം
2024 ഡിസംബർ 5 വ്യാഴാഴ്ച രാത്രി ഹരിവരാസനം തീരുന്നത് വരെ മറ്റ് ഭക്തർക്ക് തടസ്സം ഉണ്ടാകുന്ന വിധത്തില്‍ നടൻ ദിലീപ് വിഐപി പരിഗണനയില്‍ ഒന്നാം നിരയില്‍ നിന്ന് ദർശനം നടത്തിയ സംഭവത്തില്‍ നടപടി വേണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ദേവസ്വം ബോർഡ് എക്സിക്യൂട്ടീവ് ഓഫീസറോട് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടു. ദിലീപ്, സംഘാംഗങ്ങള്‍, ആലപ്പുഴ ജില്ലാ ജഡ്ജി കെ കെ രാധാകൃഷ്ണൻ, ഒഡേപേക് ചെയർമാൻ കെ പി അനില്‍കുമാർ എന്നിവയാണ് പോലീസ് അകമ്പടിയോടെ സോപാനത്ത് എത്തിയത്.
ഇവരെ മൂന്നു പേരെയും ഒന്നാം നിരയിലേക്ക് കയറ്റിവിട്ടു. ഒപ്പം ഉണ്ടായിരുന്ന മറ്റുള്ളവരെ ജനറല്‍ ക്യൂവിലും നിർത്തിയതായി ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ ബി മുരാരി ബാബു റിപ്പോർട്ട് നല്‍കിയിരുന്നു