സാങ്കേതിക വെല്ലുവിളികള്‍ നേരിടാൻ കേരളത്തിലെ സഹകരണ പ്രസ്ഥാനം ശക്തമാണെന്നു മന്ത്രി പി.രാജീവ്

തിരുവനന്തപുരം : കേരളത്തിലെ സഹകരണ മേഖല ഇന്ത്യയിലെ മറ്റിടങ്ങളില്‍ നിന്നു വ്യത്യസ്തമായി ഏറെ ക്രിയാത്മക സംഭാവന നല്‍കിയിട്ടുള്ള സംവിധാനമാണെന്ന് മന്ത്രി പി.രാജീവ്. പുതിയ കാലത്തെ സാങ്കേതിക വെല്ലുവിളികള്‍ നേരിടാൻ കേരളത്തിലെ സഹകരണ പ്രസ്ഥാനം ശക്തമാണെന്നും ഇപ്പോള്‍ പുതിയ കാലത്തിന്റെ പല വെല്ലുവിളികളെയും അവർ നേരിടുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഉദയംപേരൂർ സഹകരണ ബാങ്കിന്റെ ശതാബ്ദി സ്മാരക മന്ദിരം ഉദ്ഘാനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബാങ്കിങ് സംവിധാനം കൈകാര്യം ചെയ്യുന്നവർ സാങ്കേതിക വിദ്യയെക്കുറിച്ചു നല്ല ധാരണ ഉള്ളവരായിരിക്കണം

ബാങ്കിങ് സംവിധാനം കൈകാര്യം ചെയ്യുന്നവർ സാങ്കേതിക വിദ്യയെക്കുറിച്ചു നല്ല ധാരണ ഉള്ളവരായിരിക്കണം. അതുകൊണ്ടാണ് സഹകരണ ബാങ്ക് ബോർഡില്‍ അത്തരം പ്രാതിനിധ്യം വേണമെന്ന് സർക്കാർ നിഷ്കർഷിച്ചത്. അടുത്ത കാലത്തുണ്ടായ ചില പ്രശ്നങ്ങള്‍ അപൂർവമാണെങ്കിലും ആവർത്തിക്കപ്പടാൻ പാടില്ല എന്നതിനാലാണു നിയമം തന്നെ ഭേദഗതി ചെയ്തത്. ഇതിനായി നിയമസഭയില്‍ അവതരിപ്പിച്ച ബില്ല് സെലക്‌ട് കമ്മിറ്റിക്ക് വിട്ടു. കേരളത്തിലുടനീളം സഞ്ചരിച്ച കമ്മിറ്റി അംഗങ്ങള്‍ കക്ഷിരാഷ്ട്രീയത്തിനതീതമായി അനുഭവ സമ്പത്തുള്ള വ്യക്തിത്വങ്ങളുടെ അഭിപ്രായങ്ങള്‍ സമാഹരിച്ചിട്ടാണ് റിപ്പോർട്ട് തയാറാക്കി സമർപ്പിച്ചതും ബില്ല് നിയമസഭ പാസാക്കിയതും.

മനുഷ്യരുടെ ജീവിതത്തില്‍ എത്രമാത്രം മാറ്റം ഉണ്ടാക്കാൻ പറ്റും എന്നതാണ് സഹകരണ പ്രസ്ഥാനത്തിന്റെ അളവുകോൽ .

സഹകരണ ബാങ്ക് എങ്ങിനെ പ്രവർത്തിക്കുന്നു എന്നതിന്റെ പ്രധാന അളവുകോല്‍ എത്ര നിക്ഷേപം, വായ്പ എന്നതു മാത്രമല്ല. ബാങ്ക് പ്രവർത്തിക്കുന്ന മേഖലയിലെ മനുഷ്യരുടെ ജീവിതത്തില്‍ എത്രമാത്രം മാറ്റം ഉണ്ടാക്കാൻ പറ്റും എന്നതു കൂടിയാണെന്ന് മന്ത്രി പറഞ്ഞു.
ജീവിത നിലവാരം ഉയർത്താൻ കഴിഞ്ഞിട്ടുണ്ടോ എന്നത് പ്രധാനപ്പെട്ടതാണ്. സഹകരണ ബാങ്ക് എല്ലാവർക്കും ഒരു സൗകര്യമാണ്. കല്യാണ ആവശ്യം വിദ്യാഭ്യാസ ആവശ്യം അല്ലെങ്കില്‍ പെട്ടെന്നു പണത്തിന് ആവശ്യം വന്നാല്‍ ഓടിച്ചെല്ലാവുന്ന ഒരു സംവിധാനമാണ് നമ്മുടെ സഹകരണ ബാങ്കുകള്‍. തൊഴില്‍ സൃഷ്ടിക്കുന്നതിലും ബാങ്കുകള്‍ കുറേകൂടി ക്രിയാത്മകമായി ഇടപെടണം.

സർക്കാർ ഇപ്പോള്‍ ശ്രമിക്കുന്നത് എല്ലാ വീട്ടിലും ഒരു തൊഴില്‍ അല്ലെങ്കില്‍ സംരംഭം എത്തിക്കാൻ പറ്റുമോ എന്നതാണ്

കാർഷിക പശ്ചാത്തല സൗകര്യ വികസനത്തിന് നബാർഡ് രണ്ടുകോടി രൂപ വരെ വായ്പ ബാങ്കുകള്‍ക്ക് ചെറിയ പലിശക്കു നല്‍കുന്നുണ്ട്. സർക്കാർ ഇപ്പോള്‍ ശ്രമിക്കുന്നത് എല്ലാ വീട്ടിലും ഒരു തൊഴില്‍ അല്ലെങ്കില്‍ സംരംഭം എത്തിക്കാൻ പറ്റുമോ എന്നതാണ്. അതിനുള്ള വിഭവശേഷി നമ്മുടെ വീടുകളിലുണ്ട്. അത് കണ്ടെത്തി അവർക്ക് ആവശ്യമായ പരിശീലനം കൊടുത്ത് ഈ മേഖലയില്‍ കൊണ്ടുവരാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →