ഛത്തർപുർ: മധ്യപ്രദേശിലെ ഛത്തർപുർ ജില്ലയില്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥി പ്രിൻസിപ്പലിനെ വെടിവച്ചുകൊന്നു. ആക്രമണശേഷം മറ്റൊരു വിദ്യാർഥിക്കൊപ്പം പ്രിൻസിപ്പലിന്‍റെ സ്കൂട്ടറില്‍ കടന്നുകളഞ്ഞ പതിനേഴുകാരനെ ഏതാനും മണിക്കൂറിനകം പോലീസ് അറസ്റ്റ് ചെയ്തു.
ദാമോര ഗവ. ഹയർ സെക്കൻഡറി സ്കൂളില്‍ 2024 ഡിസംബർ 6 ന് ഉച്ചകഴിഞ്ഞായിരുന്നു സംഭവം.
ശൗചാലയത്തിന്‍റെ പുറത്തുവച്ചാണ് പ്രിൻസിപ്പല്‍ എസ്.കെ. സക്സേന (55) യ്ക്കു തലയ്ക്കു വെടിയേറ്റത്. പ്രിൻസിപ്പല്‍ സംഭവസ്ഥലത്തുതന്നെ മരണമടഞ്ഞതായി സിറ്റി പോലീസ് സൂപ്രണ്ട് അമൻ മിശ്ര അറിയിച്ചു.
കൈത്തോക്ക് കണ്ടെടുത്തു.
നാടൻ കൈത്തോക്ക് ഉപയോഗിച്ച് ഒരു പ്രാവശ്യമാണ് വിദ്യാർഥി വെടിവച്ചത്. ഈ കൈത്തോക്ക് കണ്ടെടുത്തു. അഞ്ചു വർഷമായി സക്സേന സ്കൂളിന്‍റെ പ്രിൻസിപ്പലായിരുന്നു. സക്സേനയെ വെടിവച്ചു കൊന്ന വിദ്യാർഥി സ്കൂളില്‍ പ്രശ്നക്കാരനായിരുന്നു. വൈകിയെത്തിയതിനു പ്രിൻസിപ്പല്‍ വഴക്കുപറഞ്ഞതാണ് പ്രകോപനത്തിനു കാരണമായത്.
