.തിരുവനന്തപുരം: സ്മാർട്ട് സിറ്റിയില്‍നിന്നു ടീകോമിനെ നഷ്ടപരിഹാരം നല്‍കി ഒഴിവാക്കാനുള്ള മന്ത്രിസഭാ തീരുമാനം കേരളം കണ്ട ഏറ്റവും വലിയ അഴിമതികളിലൊന്നാണെന്ന് കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല ആരോപിച്ചു. ടീകോമും സർക്കാരും തമ്മിലുള്ള കരാർ രേഖകള്‍ പുറത്തുവിട്ട അദ്ദേഹം ടീ കോം കരാർ ലംഘനം നടത്തിയെന്നും കരാർ ലംഘനം നടത്തിയവർക്ക് സർക്കാർ നഷ്ടപരിഹാരം നല്‍കുന്ന അഭൂതപൂർവമായ നടപടിക്കാണ് കേരളം സാക്ഷ്യം വഹിക്കുന്നതെന്നും ആരോപിച്ചു.
നികുതിദായകരുടെ പണം നഷ്‌ടപരിഹാരമായി നല്‍കുന്നത് ജനവഞ്ചനയാണ്.
ഉമ്മൻ ചാണ്ടി സർക്കാരിന്‍റെ കാലത്താണ് ദുബായ് സ്മാർട്ട് സിറ്റിയുടെ കരാർ ഒപ്പുവയ്ക്കുന്നത്. കേരളത്തിലെ 246 ഏക്കർ സ്ഥലം ഏറ്റെടുത്തു ടീകോമിനു നല്‍കി. 90,000 പേർക്ക് ജോലി നല്‍കും എന്നായിരുന്നു വാഗ്ദാനം. ടീകോമിന്‍റെ വാഗ്ദാന പ്രകാരം എത്ര പേർക്കു തൊഴില്‍ നല്‍കി എന്ന കണക്കുകള്‍ പുറത്തു വിടണം. കേരളത്തിലെ ചെറുപ്പക്കാരെ വഞ്ചിച്ച കമ്പനിക്കെതിരേ നടപടിയെടുക്കുകയും അവരില്‍നിന്നു നഷ്ടപരിഹാരം ഈടാക്കുകയും ചെയ്യുന്നതിനു പകരം അവർക്ക് നികുതിദായകരുടെ പണം നഷ്‌ടപരിഹാരമായി നല്‍കുന്നത് ജനവഞ്ചനയാണ്.
എന്തിന്‍റെ അടിസ്ഥാനത്തിലാണ് അവർക്ക് നഷ്‌ടപരിഹാരം നല്‍കുന്നത് എന്നു വ്യക്തമാക്കണം.
ടീകോം നടത്തിയ കരാർ ലംഘനങ്ങള്‍ സർക്കാർ വ്യക്തമാക്കണം. എന്തിന്‍റെ അടിസ്ഥാനത്തിലാണ് അവർക്ക് നഷ്‌ടപരിഹാരം നല്‍കുന്നത് എന്നു വ്യക്തമാക്കേണ്ട ഉത്തരവാദിത്വം സർക്കാരിനുണ്ട്. ഈ 246 ഏക്കർ ഭൂമി സർക്കാർ ഏറ്റെടുത്തിട്ട് ആർക്കു കൊടുക്കാൻ പോകുന്നു എന്നത് അടുത്ത വിഷയം. അതിന്‍റെ വിശദാംശങ്ങള്‍ ഉടൻ പുറത്തു വരുമെന്നും ചെന്നിത്തല പറഞ്ഞു.