കോഴിക്കോട്: കോണ്‍ഗ്രസിന് അകത്ത് ആട്ടും തുപ്പും ചവിട്ടുമേറ്റ് എന്തിനാണ് കെ മുരളീധരൻ കോണ്‍ഗ്രസില്‍ തുടരുന്നതെന്ന് ബിജെപി അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സ്വന്തം അമ്മയെ അധിക്ഷേപിച്ചവർക്ക് വേണ്ടി വോട്ടുചോദിക്കേണ്ടി വരുന്ന മുരളീധരനോട് സഹതാപം മാത്രമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം അമ്മയെ മ്ലേച്ഛമായ രീതിയില്‍ ആക്ഷേപിച്ച സ്ഥാനാർത്ഥിക്ക് വേണ്ടി മുരളീധരന് സംസാരിക്കേണ്ടി വരുന്നത് കഷ്ടമാണ്.ജ്യേഷ്ഠ സഹോദരനെ പോലെയാണ് താൻ മുരളീധരനെ കണക്കാക്കുന്നതെന്നും സുരേന്ദ്രൻ.
മുരളീധരൻ തീർത്തും അസ്വസ്ഥനായതുകൊണ്ടാണ് ഇത്തരത്തില്‍ പ്രതികരിക്കുന്നത്
കേരളം മുഴുവൻ ആദരിക്കുന്ന കെ. കരുണാകരന്റെ ധർമപത്നി ശ്രീമതി കല്യാണിക്കുട്ടിയമ്മയെ അങ്ങേയറ്റം മോശമായ വാക്കുകളാല്‍ അപമാനിച്ച തലതിരിഞ്ഞ ചെറുപ്പക്കാരന് വേണ്ടി മുരളീധരൻ സംസാരിക്കുന്നുവെന്ന് പറയുമ്പോള്‍ അദ്ദേഹത്തിന് എന്തോ തകരാറ് സംഭവിച്ചെന്നാണ് കരുതേണ്ടത്.ഇതൊന്നും കൂടാതെ ബിജെപിയുടെ സ്ഥാനാർത്ഥിയെക്കുറിച്ച് അദ്ദേഹം മോശം പറയുന്നു. മുരളീധരൻ തീർത്തും അസ്വസ്ഥനായതുകൊണ്ടാണ് ഇത്തരത്തില്‍ പ്രതികരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു
പാലക്കാട്ടെ ബിജെപി സ്ഥാനാർത്ഥിക്ക് വോട്ടല്ല, നോട്ടാണ് ആവശ്യമെന്നും അവർ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും കെ. മുരളീധരൻ പ്രതികരിച്ചതിന്റെ പശ്ചാത്തലത്തിലാണ് സുരേന്ദ്രന്റെ വാക്കുകള്‍.
