ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് വാഹനം സ്റ്റേജ് ക്യാരേജായി ഓടിക്കാനാവില്ല, പിഴ ചുമത്താം- ഹൈക്കോടതി
കൊച്ചി: ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് വാഹനങ്ങൾ സ്റ്റേജ് ക്യാരേജായി ഓടിക്കാനാവില്ലെന്ന് ഹൈക്കോടതി. നിയമലംഘനമുണ്ടായാൽ പിഴ ഈടാക്കാമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. കൊല്ലം സ്വദേശികൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നിർണായക ഉത്തരവ്. റോബിൻ ബസ്സിനും റോബിന്റെ പാത പിന്തുടർന്ന മറ്റു ബസ്സുകൾക്കും പുതിയ ഉത്തരവ് തിരിച്ചടിയാവും.
കൊല്ലത്തുനിന്നും കോട്ടയത്തുനിന്നും ബെംഗളൂരുവിലേക്ക് സർവീസ് നടത്തിയ ബസ്സുടമകളാണ് മോട്ടോർ വാഹനവകുപ്പ് പിഴയീടാക്കിയതിനെതിരേ ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹർജി പരിഗണിക്കവെയാണ് കോടതി നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്. ചട്ടങ്ങൾ ലംഘിച്ച് സർവീസ് നടത്തുന്ന ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് വാഹനങ്ങൾക്ക് മോട്ടോർ വാഹനവകുപ്പിന് പിഴയീടാക്കാമെന്നും ഉത്തരവിൽ പറയുന്നു.
അതിനിടെ റോബിൻ ബസ് നടത്തിപ്പുകാരനായ ഗിരീഷിന് ചെക്ക് കേസിൽ കോടതി ജാമ്യമനുവദിച്ചു. 2012-ലെ വണ്ടിച്ചെക്കു കേസിൽ ഞായറാഴ്ച ഉച്ചയോടെയാണ് ഗിരീഷിനെ കോടതി വാറണ്ടിന്റെ അടിസ്ഥാനത്തിൽ പാലാ പോലീസ് അറസ്റ്റുചെയ്തതിരുന്നത്.

