സിപിഎം യുവ പഞ്ചായത്ത് അംഗം മരിച്ച നിലയിൽ;ജീവനൊടുക്കിയതെന്ന് സംശയം
പാലക്കാട്: പഞ്ചായത്ത് അംഗത്തെ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് ജില്ലയിലെ പൂക്കോട്ടുകാവ് പഞ്ചായത്തിലെ സിപിഎം അംഗം, കല്ലുവഴി താനായിക്കൽ ചെമ്മർകുഴിപറമ്പിൽ സിപി മോനിഷാണ് മരിച്ചത്. 29 വയസായിരുന്നു. ബിബിഎ ബിരുദധാരിയായ സിപി മോനിഷ് പൂക്കോട്ടുക്കാവ് ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡ് അംഗമായിരുന്നു. വിവാഹിതനാണ്. ഇന്ന് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ് മോനിഷിനെ കണ്ടെത്തിയത്.
സാമ്പത്തിക ബാധ്യതയെ തുടർന്ന് മോനിഷ് ജീവനൊടുക്കിയെന്നാണ് പ്രാഥമിക നിഗമനം. മോനിഷിന്റെ മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. നാളെ രാവിലെ പോസ്റ്റ്മോർട്ടം നടപടികൾ നടക്കും. ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
സിപിഎം ഭരിക്കുന്ന പഞ്ചായത്താണ് പൂക്കോട്ടുകാവ്. ജില്ലയിൽ പാർട്ടിയുടെ ശക്തികേന്ദ്രങ്ങളിലൊന്നാണ് ഇവിടം. 2020 ൽ നടന്ന തെരഞ്ഞെടുപ്പിലാണ് മോനിഷ് പഞ്ചായത്തംഗമായി മികച്ച ഭൂരിപക്ഷത്തിൽ ജയിച്ചത്.