അല്‍-ഖുദ്‌സ് ആശുപത്രിക്ക് സമീപം വ്യോമാക്രമണം നടത്തി ഇസ്രയേല്‍, ആശങ്കയൊഴിയാതെ ജനം

ഗാസ സിറ്റിയിലെ അല്‍-ഖുദ്സ് ആശുപത്രിക്ക് സമീപം ഇസ്രയേല്‍ വ്യോമാക്രമണങ്ങള്‍ നടത്തി. ആശുപത്രി ഒഴിയണമെന്ന് ഇസ്രയേല്‍ ആവശ്യപ്പെട്ട് ഒരു ദിവസം കഴിയുന്നതിന് മുന്നേയാണ് തൊട്ടടുത്ത് ആക്രമണം നടത്തിയിരിക്കുന്നത്. ഏത് നിമിഷവും ആശുപത്രിയില്‍ ആക്രമണം ഉണ്ടാകുമെന്ന് ഭയന്നാണ് ജനങ്ങള്‍ കഴിയുന്നത്. ലബനന്‍ അതിര്‍ത്തിയിലും പ്രധാന മേഖലകളിലും ആക്രമണം നടത്തിയതായി ഇസ്രയേല്‍ സൈന്യം സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കി.

ഗാസ മുനമ്പിന്റെ വടക്ക് ഭാഗത്തുള്ള അല്‍-സെയ്ടൗണ്‍ പരിസരത്ത് ഇസ്രയേല്‍ ആക്രമണത്തെത്തുടര്‍ന്ന് ഏഴ് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അല്‍-സെയ്ടൂണിലെ നാല് നില കെട്ടിടത്തില്‍ ഇസ്രയേല്‍ ആക്രമണം നടത്തുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും മരണങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നും പലസ്തീന്‍ വാര്‍ത്താ ഏജന്‍സി വഫ റിപ്പോര്‍ട്ട് ചെയ്യുന്നു.

തെക്കന്‍ ഗാസയിലെ ഖാന്‍ യൂനിസ്, ബെയ്റ്റ് ഹനൂന്‍, ബെയ്ത് ലാഹിയ, ഗാസ നഗരത്തിന്റെ വടക്കുപടിഞ്ഞാറ് എന്നിവിടങ്ങളിലും ഇസ്രയേല്‍ ബോംബാക്രമണങ്ങള്‍ നടന്നുവെന്ന് വഫ റിപ്പോര്‍ട്ട് ചെയ്തു

Share
അഭിപ്രായം എഴുതാം