കളമശ്ശേരി സ്ഫോടനക്കേസിൽ പ്രതി മാർട്ടിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

കൊച്ചി: കളമശ്ശേരിയിലെ സ്ഫോടനക്കേസിലെ പ്രതി ഡൊമനിക് മാർട്ടിനെ കോടതിയിൽ ഇന്ന് ഹാജരാക്കും. പ്രതി ഒറ്റക്കാണ് കൃത്യം ചെയ്തതെന്നും കുറ്റസമ്മത മൊഴിയുണ്ടെന്നും പോലീസ് വ്യക്തമാക്കി. ജില്ലാ സെഷൻസ് കോടതിയിലായിരിക്കും പ്രതിയെ ഹാജരാക്കുക. യുഎപിഎ നിയമത്തിന് പുറമേ കൊലപാതകം വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്.

കൂടുതൽ പേരുടെ പങ്കാളിത്തം ഇതുവരെ കണ്ടെത്താനായിലെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം പ്രതിയുടെ വിദേശ ബന്ധം സംബന്ധിച്ച് കേന്ദ്ര ഏജൻസികളുടെ പരിശോധന തുടരുകയാണ്. അന്വേഷണം എൻ ഐ എ ഏറ്റെടുക്കുമെന്നാണ് സൂചന. ഇത് സംബന്ധിച്ച തീരുമാനം ഉടൻ ആഭ്യന്തര വകുപ്പിൽ നിന്ന് ഉണ്ടാകും.

അതേസമയം, കളമശേരിയിൽ കൺവൻഷൻ സെന്ററിൽ സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നത് ആകെ 21 പേരാണെന്ന് പുതിയ മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. 16 പേർ ഐസിയുവിൽ ചികിത്സയിലാണ്. മൂന്ന് പേരുടെ നില ഗുരുതരമാണെന്നും 10 ശതമാനം പൊള്ളലേറ്റ 14 വയസുള്ള കുട്ടിയെ വാർഡിലേക്ക് മാറ്റിയെന്നും മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം പരിക്കേറ്റവരുടെ എല്ലാവരുടെയും ചികിത്സാ ചെലവ് സർക്കാർ വഹിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

കളമശേരി സ്‌ഫോടനത്തിൽ പൊള്ളലേറ്റവർക്ക് മികച്ച ചികിത്സയാണ് നൽകുന്നതെന്നും ചികിത്സാ ചെലവ് സർക്കാർ വഹിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പൊള്ളലേറ്റവരെ പരിചരിക്കുന്ന എല്ലാ ആശുപത്രികളും ഡോക്ടർമാരും നല്ല അർപ്പണ ബോധത്തോടെയാണ് പ്രവർത്തിക്കുന്നത്. നല്ല പരിചരണമാണ് ചികിത്സയിലുള്ളവർക്ക് ലഭിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സ്ഫോടനത്തിൽ പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്നവരെയും ബന്ധുക്കളെയും കളമശേരി മെഡിക്കൽ കോളേജ്, കാക്കനാട് സൺറൈസ് ആശുപത്രി, പാലാരിവട്ടം മെഡിക്കൽ സെന്റർ, ആസ്റ്റർ മെഡിസിറ്റി, രാജഗിരി ആശുപത്രി എന്നിവിടങ്ങളിൽ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →