കോട്ടയം: മുണ്ടക്കയത്ത് കോടാലി കൊണ്ട് തലയ്ക്കടിച്ച് മകനെ കൊലപ്പെടുത്തിയ കേസിൽ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. കോരുത്തോട് കുഴിമാവ് ടോപ്പ് ഭാഗത്ത് തോപ്പിൽ വീട്ടിൽ സാവിത്രി(73) യെയാണ് മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ മകനായ അനുദേവൻ(45) കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച മരണപ്പെട്ടിരുന്നു.
വീടിന് സമീപം കയ്യാലയിൽ നിന്നും വീണ് പരിക്കേറ്റതാണെന്ന് പറഞ്ഞായിരുന്നു ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. ഇയാളുടെ മരണകാരണം തലയ്ക്ക് ഏറ്റ ക്ഷതം മൂലമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതിനെ തുടർന്ന് മുണ്ടക്കയം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സ്ഥിരമായി മദ്യപിച്ചെത്തി അമ്മയുമായി വഴക്കുണ്ടാക്കുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തിരുന്ന മകനെ ഇതിനുള്ള വിരോധം മൂലം വീടിന് സമീപം ഇരുന്ന കോടാലിയുടെ പുറകുവശം ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയായിരുന്നു എന്ന് കണ്ടെത്തിയത്.
മുണ്ടക്കയം സ്റ്റേഷൻ എസ് എച്ച്. ഓ എ ഷൈൻ കുമാറിന്റെ നേതൃത്വത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി. ക്യാൻസർ രോഗിയായ മാതാവ് സ്ഥിരമായി മദ്യപിച്ചെത്തുന്ന മകൻറെ ശല്യം സഹിക്കാനാവാതെ കൊലയാളിയായി മാറുകയായിരുന്നു എന്നാണ് പൊലീസ് നൽകുന്ന വിവരം. കഴിഞ്ഞ 20നായിരുന്നു മകൻ അനുദേവനെ മാതാവ് സാവിത്രിഅമ്മ കോടാലി കൊണ്ട് തലയ്ക്കടിച്ചത്.