ഗാസ മുനമ്പിൽ കര വഴിയുള്ള ആക്രമണം ഉടൻ നടത്തുമെന്ന സൂചന നൽകി ഇസ്രയേൽ. ഹമാസ് ഭരിക്കുന്ന പലസ്‌തീനിലെ ഗാസ പ്രദേശത്തേക്ക് പ്രവേശിക്കാനുള്ള ഉത്തരവ് ഉടൻ ഉണ്ടാകുമെന്ന് പ്രതിരോധ മന്ത്രി യോവ് ഗാലന്റ് അതിർത്തിയിൽ നിലയുറപ്പിച്ചിരിക്കുന്ന സൈനികരോട് അറിയിച്ചതായി ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്‌തു.
“നിങ്ങൾ ഇപ്പോൾ ഗാസയെ ദൂരെ നിന്ന് കാണുന്നു. താമസിയാതെ നിങ്ങൾ അത് അകത്ത് നിന്ന് കാണും. ഉടൻ ഉത്തരവ് വരും” സൈനികരോട് ഗാലന്റ് പറഞ്ഞു. 14-ാം ദിവസത്തിലേക്ക് കടന്നിരിക്കുന്ന യുദ്ധം ദീർഘകാലത്തേക്ക് തുടരുമെന്നും പോരാട്ടം ബുദ്ധിമുട്ടേറിയതും തീവ്രവും ആയിരിക്കുമെന്നും ഇസ്രയേൽ സൈനിക ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ ഹമാസിനെതിരെ ഇസ്രയേൽ വിജയിക്കുമെന്ന് അവർ ശുഭാപ്‌തി വിശ്വാസം പ്രകടിപ്പിച്ചു