ശബരിമല ഒരുക്കങ്ങൾ പുരോഗമിക്കുന്നു; ദേവസ്വം ബോർഡ് പ്രസിഡൻ്റ്

തിരുവനന്തപുരം: ശബരിമല തീർത്ഥാടന ഒരുക്കങ്ങൾ പുരോ​ഗമിക്കുന്നുവെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ അനന്തഗോപൻ. ഈ വർഷം പുതുതായി ചില പദ്ധതികൾ പ്രാവർത്തികമാക്കുമെന്ന് അനന്ത​ഗോപൻ അറിയിച്ചു. പാർക്കിംഗ് പ്രതിസന്ധി ഒഴിവാക്കും.

ഇതിനായി നിലയ്ക്കലിൽ എല്ലാ പാർക്കിംഗ് സ്ഥലങ്ങളിലും മെറ്റൽ ഇട്ട് ഉറപ്പിക്കും. പാർക്കിംഗ് ഫീസ് പിരിക്കാൻ ഐസിഐസിഐ ബാങ്കുമായി ചേർന്ന് ഫാസ്റ്റ് ടാഗ് സംവിധാനം ഏർപ്പെടുത്തി. നവംബർ 10ന് മുൻപായി സംവിധാനം പ്രവർത്തന സജ്ജമാക്കും. നിലവിൽ പാർക്കിം​ഗ് ഫീസ് കൂട്ടാൻ തീരുമാനിച്ചിട്ടില്ല. ഫാസ്റ്റ് ടാഗ് ഇല്ലാത്ത വാഹനങ്ങളുടെ ഫീസ് പിരിക്കാൻ ആളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഏലയ്ക്ക ഒഴിവാക്കിയാണ് ഇപ്പോൾ അരവണ നിർമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ദേവസ്വം ബോർഡ് ക്ഷേത്രങ്ങൾ പൂർണമായും ഡിജിറ്റലൈസ് ചെയ്യും. ശബരിമലയിൽ ഡിജിറ്റലായി പണം സ്വീകരിക്കാൻ സംവിധാനം ഏർപ്പെടുത്തി. ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലെ ദൈനംദിന ആവശ്യത്തിനല്ലാത്ത സ്വർണ ഉരുപ്പടികൾ ആ‍ർബിഐയിൽ നിക്ഷേപിക്കും. ഇതിന് ഹൈക്കോടതിയുടെ അനുമതി ലഭിച്ചു. ഇതിൽ നിന്ന് 2.5 ശതമാനം പലിശ ലഭിക്കും. ഇതുവഴി വർഷം ആറ് കോടിയോളം രൂപയാണ് വരുമാനം പ്രതീക്ഷിക്കുന്നത്. ശബരിമലയിൽ 168 പുതിയ മൂത്രപ്പുരകൾ നിർമിക്കും. ഇതിൽ 36 എണ്ണം സ്ത്രീകൾക്കുള്ളതാണെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് വ്യക്തമാക്കി.

Share
അഭിപ്രായം എഴുതാം