ഇസ്രയേൽ ഹമാസ് യുദ്ധത്തിൽ ഇരുപക്ഷത്തുമായി കൊല്ലപ്പെട്ടവരുടെ എണ്ണം 2300 കടന്നു. ഗാസയിലേക്കുള്ള ഇന്ധന, ജല വിതരണം ഇസ്രയേൽ പൂർണ്ണമായി വിച്ഛേദിച്ചു. ഇതോടെ ഗാസയിലെ പവർ സ്റ്റേഷൻ അടച്ചു പൂട്ടി. എന്നാൽ ഗാസയിലെ പൊതുജനങ്ങൾക്കുള്ള ഭക്ഷണവും ജലവും മറ്റ് അവശ്യവസ്തുക്കളും എത്തിക്കാൻ അനുവദിക്കണമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ് ഇസ്രയേലിനോട് അഭ്യർത്ഥിച്ചു.
ഗാസയിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നതിനുള്ള മാനുഷിക ഇടനാഴി സംബന്ധിച്ച് ഐക്യരാഷ്ട്ര സഭയുമായും ഈജീപ്തുമായും ചർച്ചകൾ നടത്തുന്നുണ്ടെന്ന് വൈറ്റ്ഹൗസും അറിയിച്ചു. അതേ സമയം ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്. തുർക്കിയുടെയും ഖത്തറിന്‍റെയും മധ്യസ്ഥതയിലാണ് ശ്രമം.
അതേസമയം, യുദ്ധം രൂക്ഷമായ സാഹചര്യത്തിൽ ഇസ്രയേലില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള പ്രത്യേക ദൗത്യം പ്രഖ്യാപിച്ച് ഇന്ത്യ. ഓപ്പറേഷൻ അജയ് എന്നാണ് ദൗത്യത്തിന് പേര് നല്‍കിയിരിക്കുന്നത്. ഇസ്രയേലിൽ കുടുങ്ങിയ ഇന്ത്യക്കാരെ മുഴുവൻ തിരികെ എത്തിക്കാനുള്ള ദൗത്യമാണ് നടക്കുന്നതെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. ഇസ്രയേലിൽ കുടുങ്ങിപ്പോയ മുഴുവൻ ഇന്ത്യാക്കെരെയും പ്രത്യേക ചാർട്ടർ വിമാനങ്ങളും മറ്റ് ക്രമീകരണങ്ങളും ഏർപ്പെടുത്തി രാജ്യത്ത് തിരിച്ചെത്തിക്കുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ അറിയിച്ചു. ഓപ്പറേഷൻ അജയിൻ്റെ ഭാഗമായുള്ള ആദ്യ പ്രത്യേക വിമാനം ഇസ്രയേലിലേക്ക് പുറപ്പെട്ടെന്നും അദ്ദേഹം വിവരിച്ചു. ഇസ്രയേലിലുള്ള ഇന്ത്യക്കാരുടെ വിവരശേഖരണം നേരത്തെ തന്നെ തുടങ്ങിയിരുന്നെന്നും എല്ലാവരെയും ഇന്ത്യയിൽ തിരിച്ചെത്തിക്കുമെന്നു എംബസി അറിയിച്ചു.
പതിനെണ്ണായിരം ഇന്ത്യാക്കാരെ കൂടാതെ, ഗുജറാത്തിൽ നിന്നും ഇസ്രയേലിലേക്ക് കുടിയേറിയ അറുപതിനായിരത്തോളം ഇന്ത്യൻ വംശജരും സഹായം തേടിയിട്ടുണ്ട്. ഇവരെയെല്ലാം തിരിച്ചെത്തിക്കാനുള്ള നടപടികളാണ് കേന്ദ്ര സർക്കാരിൻ്റെ ഭാഗത്ത് നിന്നുള്ളതെന്നാണ് വിദേശകാര്യ മന്ത്രി വ്യക്തമാക്കിയിട്ടുള്ളത്. സ്ഥിതി നിരീക്ഷിക്കാൻ വിദേശ കാര്യമന്ത്രാലയം 24 മണിക്കൂർ കണ്ട്രോൾ റൂം തുറന്നിട്ടുണ്ട്. ഇസ്രയേലിലും പലസ്തീനിലുമുള്ള ഇന്ത്യാക്കാർക്ക് ബന്ധപ്പെടാൻ കൂടുതൽ ഹെൽപ് ലൈൻ നമ്പറുകളും പുറത്തുവിട്ടിട്ടുണ്ട്ാ. യുദ്ധ മേഖലയിലുള്ളവർ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ നിർദേശങ്ങൾ അനുസരിക്കണമെന്നും ഇസ്രയേലിലെ ഇന്ത്യൻ അംബാസഡർ നിർദ്ദേശിച്ചിട്ടുണ്ട്