പയ്യന്നൂർ :* നഗര അടിസ്ഥാനസൗകര്യ വികസന ഫണ്ടിന് (അർബൻ ഇൻഫ്രാസ്ട്രക്ച്ചർ ഡിവലപ്മെന്റ് ഫണ്ട്) കീഴിൽ 45 കോടി രൂപയുടെ പദ്ധതി സമർപ്പിക്കാൻ പയ്യന്നൂർ നഗരസഭ. ആറ് പദ്ധതികളാണ് ഇതിന് കീഴിൽ ഉൾപ്പെടുത്തുക. ജില്ലയിൽനിന്ന് പദ്ധതിയ്ക്ക് കീഴിൽ മൂന്ന് തദ്ദേശസ്ഥാപനങ്ങളെയാണ് തിരഞ്ഞെടുത്തത്.
മലിനജല-ഖരമാലിന്യ സംസ്കരണം, ജലവിതരണം, ശുചിത്രം തുടങ്ങിയ അടിസ്ഥാനസേവനങ്ങളിൽ ഊന്നിയുള്ള പ്രവൃത്തികൾക്കാണ് പദ്ധതിപ്രകാരം ഊന്നൽ നൽകുക. നാരങ്ങാത്തോട് മലിനജല ശുദ്ധീകരണശൃംഖലയ്ക്കായി ഏഴ് കോടി രൂപയും പെരുമ്പ മലിനജലശുദ്ധീകരണ പദ്ധതിയ്ക്ക് അധികവിഹിതമായി ഒരുകോടി രൂപയും നഗരസഭയിലെ പുതിയ റോഡുകളുടെ നിർമാണത്തിനായി 25 കോടി രൂപയുടെയും പുതിയ 25 കോടി രൂപയുടെയും പുതിയ പാലങ്ങളുടെ നിർമാണത്തിനായി 10 കോടി രൂപയുടെയും കാനായി കാനത്ത് പാർക്ക് നിർമാണത്തിനായി ഒരു കോടി രൂപയുടെയും പദ്ധതികൾ തയ്യാറാക്കാനാണ് നഗരസഭയുടെ തീരുമാനം.
ഇതിനുപുറമെ
കൗൺസിലർ ഇ. ഭാസ്കരൻ മുന്നോട്ടുവെച്ച വെള്ളൂർ രാമൻകുളത്തിന്റെ നവീകരണത്തിനായി ഒരുകോടി രൂപയുടെയും പ്രൊപ്പോസൽ കൂടി സമർപ്പിക്കാൻ കൗൺസിൽ യോഗം തീരുമാനിച്ചു.
മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി നഗരസഭാ പരിധിയിലെ മാലിന്യം കെട്ടിക്കിടക്കുന്നതുൾപ്പെടെയായ സ്ഥലങ്ങൾ കണ്ടെത്തി നഗരസഭയുടെ പ്രവർത്തനപരിധിയിൽ വരുന്ന എൻ.എസ്.എസ്. യൂണിറ്റിന് കൈമാറാൻ യോഗം തീരുമാനിച്ചു. ഈ സ്ഥലങ്ങൾ സൗന്ദര്യവത്കരിച്ച് സ്നേഹാരാമങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിൽ സ്ഥലങ്ങൾ കണ്ടെത്തി കൈമാറുന്നത്.
: പയ്യന്നൂർ നഗരസഭ സമ്പൂർണ സെക്കൻഡറി വിദ്യാഭ്യാസ പരിപാടി പത്താമുദയത്തിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ കെ.വി. ലളിത വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടി.പി. സമീറയ്ക്ക് കൈമാറി.
ജില്ലയെ സമ്പൂർണ സെക്കൻഡറി വിദ്യാഭ്യാസം നേടിയ ജില്ലയാക്കുന്നതിനായി ജില്ലാ പഞ്ചായത്തും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സാക്ഷരതാമിഷനും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.
പരിപാടിയിൽ വൈസ് ചെയർമാൻ പി.വി. കുഞ്ഞപ്പൻ, സ്ഥിരംസമിതി അധ്യക്ഷരായ സി. ജയ, ടി. വിശ്വനാഥൻ, നഗരസഭാ സെക്രട്ടറി എം.കെ. ഗിരീഷ്, സാക്ഷരതാമിഷൻ കോ ഓർഡിനേറ്റർ ഇ. അനീഷ്കുമാർ എന്നിവർ സംസാരിച്ചു.