ജെറുസലേം: പലസ്തീൻ സംഘം ആക്രമണം ആരംഭിച്ചതിന് ശേഷം നിരവധി കൊലപാതകങ്ങൾ നടന്ന ഗാസ അതിർത്തി പ്രദേശങ്ങൾ ഹമാസ് ഭീകരരിൽ നിന്ന് തങ്ങളുടെ സൈന്യം തിരിച്ചുപിടിച്ചതായി ഇസ്രായേൽ പ്രഖ്യാപിച്ചു. മേഖലയിലെ പല പ്രദേശങ്ങളുടെയും റോഡുകളുടെയും നിയന്ത്രണം ഇസ്രായേൽ സൈന്യം ഏറ്റെടുത്തു. അതേസമയം, ഇസ്രയേൽ – ഹമാസ് യുദ്ധത്തിൽ ഇതുവരെ മരണസംഖ്യ 3000 കടന്നെന്നാണ് റിപ്പോർട്ട്.
വ്യോമാക്രമണത്തിനൊപ്പം കരയിലൂടെയും ആക്രമണം നടത്താനുള്ള ഒരുക്കത്തിലാണ് ഇസ്രായേൽ. തെക്കൻ ഇസ്രായേലിൽ സൈനികരെ വ്യാപകമായി അണിനിരത്തുന്നുണ്ട്. കനത്ത സൈനിക സജ്ജീകരണങ്ങൾക്കൊപ്പം കൂടുതൽ കരുതൽ സേനാംഗങ്ങളെയും വിളിച്ചിട്ടുണ്ട്. അതേസമയം, അമേരിക്കയിൽ നിന്നുള്ള ‘നൂതന’ വെടിക്കോപ്പുകളുമായി ആദ്യ വിമാനം ഇസ്രായേലിന്റെ നെവാറ്റിം എയർബേസിൽ ഇറങ്ങിയതായി ഇസ്രായേൽ പ്രതിരോധ സേന സ്ഥിരീകരിച്ചു. ഇസ്രയേലിന് ശക്തമായ പിന്തുണ നൽകുമെന്ന് യുഎസ് ഗവൺമെന്റ് നേരത്തെ വാഗ്ദാനം ചെയ്തിരുന്നു.
പലസ്തീനിലെ ഭീകര സംഘടനയായ ഹമാസിന്റെ ഭീകരർ ഒക്ടോബർ 7 ന് ആണ് ഇസ്രയേലിനെതിരെ ആക്രമണത്തിന് തുടക്കമിട്ടത്. ഇതുവരെ ആയിരത്തിലധികം ഇസ്രായേലികളാണ് കൊല്ലപ്പെട്ടത്. ഹമാസ് ഭീകരർ നിരവധി ഇസ്രായേൽ പൗരന്മാരെ ബന്ദികളാക്കിയിട്ടുണ്ട്. കൂടാതെ അമേരിക്കൻ പൗരന്മാരും ബന്ദികളാക്കപ്പെട്ടിട്ടുണ്ട്. ആക്രമണത്തിന് പിന്നാലെ ഗാസ മുനമ്പിലെ ഭീകരരുടെ ഒളിത്താവളങ്ങൾ ഇസ്രായേൽ ലക്ഷ്യമിടുന്നു. ഇതുവരെ 830 പലസ്തീൻ പൗരന്മാരെങ്കിലും ഗാസാ മുനമ്പിൽ കൊല്ലപ്പെട്ടെന്നാണ് പലസ്തീന്റെ കണക്ക്. അതേസമയം, 4,250ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്.

